തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നു ചൂണ്ടിക്കാട്ടി പോലിസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എംഎസ് സന്തോഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയെന്നും അത് സര്‍ക്കാരിനും പോലിസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ, ആ അന്വേഷണ റിപ്പോര്‍ട്ട് എന്തായി എന്നിങ്ങനെ നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നതെന്നും ഈ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചു മറുപടി നല്‍കാവുന്നതായിരുന്നുവെന്നും എന്നാല്‍ ഡിവൈഎസ്പി അതിന് മുതിരാതെ തെറ്റായ വിവരം നല്‍കുകയായിരുന്നുവെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നാണ് പൂരം അലങ്കോലപ്പെടലില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരാവാകശ നിയമപ്രകാരമുള്ള മറുപടി പുറത്തുവന്നത്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധ അന്വേഷണവും നടക്കുന്നില്ലെന്നായിരുന്നു മറുപടി. ഒരു വാര്‍ത്താ ചാനല്‍ നല്‍കിയ അപേക്ഷയിലാണ് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പി ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.
എന്നാല്‍ ഇത് തെറ്റായ മറുപടിയാണെന്നും അന്വേഷണചുമതല തൃശൂര്‍ പോലിസിന് അല്ലെന്നും അവിടെ അന്വേഷണം നടക്കുന്നുണ്ടോയെന്നു തെറ്റായി ആരാഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ധൃതിപിടിച്ച് ഡിവൈഎസ്പി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''വിവരാവാകാശ നിയമപ്രകാരം ഒരപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതി. എന്നാല്‍ അപേക്ഷ ലഭിച്ചതിന്റെ പിറ്റേ ദിവസം തന്നെ മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ അപേക്ഷയിലെ ചോദ്യങ്ങള്‍ തൃശൂര്‍ ഓഫീസിലെ ലേക്ക് അയച്ചു നല്‍കുകയായിരുന്നുവെന്നും അവിടെ അന്വേഷണം നടക്കുന്നുണ്ടോയെന്നാണ് ആരാഞ്ഞതെന്നും അവര്‍ക്കല്ല അന്വേഷണ ചുമതലയെന്നതിനാല്‍ നടക്കുന്നില്ലെന്ന് തൃശൂര്‍ ഓഫീസില്‍ നിന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.