മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിടുന്നു; ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: കപില്‍ സിബലിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനുമായ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ബിജെപി കേന്ദ്രങ്ങളാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പിന്നീട് ആനന്ദ് ശര്‍മയുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. രാജ്യസഭാ കാലാവധി അവസാനിച്ച ആനന്ദ് ശര്‍മയ്ക്ക് ഇനിയും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടില്ല.
ആനന്ദ് ശര്‍മയും ഗുലാം നബി ആസാദുമെല്ലാം കോണ്‍ഗ്രസില്‍ തഴയപ്പെട്ടുവെന്ന വികാരമാണുള്ളത്. അതേസമയം, താന്‍ ബിജെപിയില്‍ ചേരുമെന്ന റിപോര്‍ട്ടുകള്‍ ആനന്ദ് ശര്‍മ തള്ളി. ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ദുഷ്പ്രവണതയാണ്- ആനന്ദ് ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചത്. കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട പിന്നാലെയാണ് ജി23 വിമത നേതാക്കളിലെ മറ്റൊരു പ്രമുഖനായ ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത.
കോണ്‍ഗ്രസിന്റെ ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്. കപില്‍ സിബലിന് പിന്നാലെ ജി 23 നേതാക്കളില്‍ ചിലര്‍ കൂടി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ എണ്ണം പറഞ്ഞ പാര്‍ലമെന്റേറിയനാണ് ആനന്ദ് ശര്‍മ. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെടുന്ന വിമത ഗ്രൂപ്പായ ജി- 23യുടെ ഭാഗമാണദ്ദേഹം. കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും അറിയുന്ന വ്യക്തിയായ ആനന്ദ് ശര്‍മ രാജിവച്ചാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവും.
നെഹ്‌റു കുടുംബവുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്നവരില്‍ പ്രമുഖരായിരുന്നു കപില്‍ സിബലും ആനന്ദ് ശര്‍മയും. ആനന്ദ് ശര്‍മയുടെ രാജി വാര്‍ത്ത സംബന്ധിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പലവിധ അഭ്യൂഹങ്ങളാണ് പ്രചരിപ്പിക്കുന്നത്. ആനന്ദ് ശര്‍മയുടെ രാജ്യസഭാ കാലാവധി അവസാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വീണ്ടും മല്‍സരിപ്പിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ആനന്ദ് ശര്‍മയുമുണ്ടായിരുന്നു. എന്നാല്‍, വിമത നേതാക്കളെ ഒതുക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതെന്നാണ് ആക്ഷേപം.
അടുപ്പക്കാര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കിയെന്നാണ് വിമര്‍ശനം. ഗ്രൂപ്പ് 23 നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്‌നിക് മാത്രമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല കോണ്‍ഗ്രസ്. സീറ്റ് കിട്ടില്ലെന്ന് ബോധ്യമായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ആനന്ദ് ശര്‍മയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പ്രധാന കോണ്‍ഗ്രസ് നേതാവാണ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.