നീണ്ട 18 വര്‍ഷം ഒളിവില്‍; പ്രതികള്‍ പേരും രൂപവും മാറ്റി, അഞ്ചലിലെ കൊല ആസൂത്രിതമെന്ന് സിബിഐ

Update: 2025-01-04 15:36 GMT

ചെന്നൈ: കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും വളരെ ആസൂത്രിതമായാണ് സൈനികരായ പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് സിബിഐ. കൊലയ്ക്ക് ശേഷം എന്തുചെയ്യണമെന്നും പ്രതികളായ ദിബില്‍ കുമാറും രാജേഷും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുവരെയും കണ്ടെത്താന്‍ 18 വര്‍ഷം എടുത്തതെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

2006 ഫെബ്രുവരിയിലാണ് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും 17 ദിവസം പ്രായമായ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും കഴുത്തറുത്ത് കൊല്ലപ്പെടുന്നത്. മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് രഞ്ജിനി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമെന്ന് സിബിഐ പറയുന്നു. കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ദിബില്‍ വിസമ്മതിച്ചതോടെ രഞ്ജിനി പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു.

പത്താന്‍കോട്ട് റജിമെന്റില്‍ സൈനികനായ ദിബില്‍ ഇക്കാര്യങ്ങളെല്ലാം സൈനികനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി രാജേഷിനെ അറിയിച്ചു. ദിബിലിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് രാജേഷ് പ്രഖ്യാപിച്ചു. തുടര്‍ന്നു കൊല നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഇരുവരും ഒരുമിച്ചാണ് അവധിയ്ക്ക് കേരളത്തില്‍ എത്തിയത്. വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ രഞ്ജിനിയേയും കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

രഞ്ജിനി നേരത്തെ നല്‍കിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ദിബില്‍കുമാറിനെതിരെ നീങ്ങിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് പ്രതികള്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചതുമില്ല. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

കേരളത്തില്‍ അന്വേഷണ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ പ്രതികള്‍ രണ്ടുപേരും സുരക്ഷിതരായി പോണ്ടിച്ചേരിയില്‍ കഴിയുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പോലെയാണ് ഇരുവരും കാര്യങ്ങള്‍ നീക്കിയത്. വ്യാജ പേരും രേഖകളും വരെ തയ്യാറാക്കിയിരുന്നു. മുടി വെട്ടുന്ന രീതിയും വസ്ത്ര ധാരണരീതിയും വരെ മാറ്റി. കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നപ്പോള്‍ വ്യാജവിലാസത്തില്‍ ആധാറുമെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. ദിബില്‍ കുമാര്‍, വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്. പോണ്ടിച്ചേരിയില്‍ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെ ഇരുവരും വിവാഹവും ചെയ്തു. ഈ ബന്ധങ്ങളില്‍ കുട്ടികളുമുണ്ടായി.

വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ പ്രമാദമായ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് അടുത്തിടെ സിബിഐക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ വിഷ്ണുവിനു മേല്‍ നിരീക്ഷണം നടത്തി. വിഷ്ണുവാണ് ദിബിലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജേഷിനെയും കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ആളുകളില്‍നിന്നു തന്നെയാണ് വിവരങ്ങള്‍ തങ്ങളിലേക്ക് എത്തിയതെന്നാണു സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Similar News