എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി അംഗത്വമെടുത്തു; യൂദാസെന്ന് കെ സുധാകരന്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. നേരത്തേ, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സാമൂഹിക മാധ്യമ കോഓഡിനേറ്ററുമായിരുന്ന അനില്‍, നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുണ്ടായത്. ഇതിനു പിന്നാലെ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നും രാജ്യതാല്‍പര്യത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് ബിജെപിയില്‍ അംഗത്വമെടുത്തതെന്നും അനില്‍ ആന്റണി പറഞ്ഞു. അതേസമയം, ആന്റണിയുടെ മകന്‍ എന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ലെന്നും അദ്ദേഹം യൂദാസാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. അതിനിടെ, വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ ഇന്നു വൈകീട്ട് 5.30നു എ കെ ആന്റണി മാധ്യമങ്ങളെ കാണുമെന്നാണ് റിപോര്‍ട്ടുകള്‍.