കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ മരണം: ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും, ഹോട്ടലുകളില്‍ ഇന്നും പരിശോധന

Update: 2023-01-08 03:20 GMT

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്തും.

അഞ്ജുശ്രീയുടെ മരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Similar News