താനൂര്‍: അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം അഞ്ചുടിയില്‍ വീണ്ടും ആക്രമണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കുപ്പന്റെ പുരക്കയ്ല്‍ സൈനുദ്ദീ(41)നു പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. സൈനുദ്ദീന്‍ തന്റെ വീടിന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏനിന്റെ പുരയ്ക്കല്‍ സ്വാലിഹ്, ഏനിന്റെ പുരയ്ക്കല്‍ റാസിക്, പൗറകത്ത് റസാഖ്, ചീരായിന്റെ പുരക്കല്‍ ജംഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമം നടത്തിയതെന്നാണ് പരാതി. കൈയ്ക്ക് പരിക്കേറ്റ സൈനുദ്ദീനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുദിവസം മുമ്പ് ലീഗ് പ്രവര്‍ത്തകര്‍ സൈനുദ്ദീനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. ഇതുസംബന്ധിച്ച് താനൂര്‍ സിഐയ്ക്കു പരാതി നല്‍കിയതിന്റെ വിദ്വേഷത്തിലാണ് ആക്രമണമെന്നാണ് പരാതി. തീരദേശ സമാധാന കമ്മിറ്റി അഞ്ചുടി മേഖലാ കണ്‍വീനര്‍ കൂടിയാണ് സൈനുദ്ദീന്‍. അഞ്ചുടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സൈനുദ്ദീന്‍ പറഞ്ഞു.