ഹിമാചലില്‍ ആറ് വിമത കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍
ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്ത സുധീര്‍ ശര്‍മ, രവി താക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലകാന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നിവരാണ് പാര്‍ട്ടി വിട്ടത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാല്‍ ഫെബ്രുവരി 29ന് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇവരോടൊപ്പം സ്വതന്ത്ര എംഎല്‍എമാരായ ആശിഷ് ശര്‍മ, ഹോഷിയാര്‍ സിങ്, കെ എല്‍ താക്കൂര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മൂവരും ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു. ഇവരുടെയെല്ലാം മണ്ഡലങ്ങളില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടത്തും.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് കൂട്ടക്കൂറഉമാറ്റം. ആകെയുള്ള 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. കൂറുമാറിയ ആറ് പേരെ അയോഗ്യരാക്കിയതോടെ 34 ആയി കുറഞ്ഞിരുന്നു. ആറ് ഒഴിവുകള്‍ വന്നതോടെ കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് മതിയാവും. ബിജെപിക്ക് നിലവില്‍ 25 എംഎല്‍മാരുണ്ട്.