'ഹിജാബ്' ധരിച്ച ഫോട്ടോ; ബംഗാളില്‍ ആയിരത്തോളം മുസ്‌ലിം പെണ്‍കുട്ടികളുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ തള്ളി

പശ്ചിമ ബംഗാള്‍ പൊലിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഡബ്ല്യുബിപിആര്‍ബി) സപ്തംബര്‍ 26ന് നടത്താനിരിക്കുന്ന കോണ്‍സ്റ്റബിള്‍, വനിതാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിന്റെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷകളാണ് തള്ളിയിരിക്കുന്നത്. വിവിധ കാരണങ്ങളുടെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആകെ 30,000 ലധികം അപേക്ഷകള്‍ നിരസിച്ചവയില്‍പ്പെടുന്നു.

Update: 2021-09-21 12:05 GMT

കൊല്‍ക്കത്ത: അപേക്ഷാ ഫോമില്‍ 'ഹിജാബ്' ധരിച്ചുള്ള ഫോട്ടോ പതിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ ആയിരത്തോളം മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചു. പശ്ചിമ ബംഗാള്‍ പൊലിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഡബ്ല്യുബിപിആര്‍ബി) സപ്തംബര്‍ 26ന് നടത്താനിരിക്കുന്ന കോണ്‍സ്റ്റബിള്‍, വനിതാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിന്റെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷകളാണ് തള്ളിയിരിക്കുന്നത്. വിവിധ കാരണങ്ങളുടെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആകെ 30,000 ലധികം അപേക്ഷകള്‍ നിരസിച്ചവയില്‍പ്പെടുന്നു. ഹിജാബ് ധരിച്ചതിന്റെ പേരിലും അപേക്ഷാ ഫോമില്‍ തെറ്റുകള്‍ വരുത്തിയതിന്റെ പേരിലുമാണ് അപേക്ഷകള്‍ തള്ളിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ക്ലാരിയോണ്‍ ഇന്ത്യ, മുസ്‌ലിം മിറര്‍ തുടങ്ങിയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. പരീക്ഷാര്‍ഥികളുടെ മുഖം ഒരു കാരണവശാലും മറയ്ക്കരുതെന്ന് അപേക്ഷയുടെ നിബന്ധനകളില്‍ പറയുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഫോട്ടോയുടെയും ഒപ്പിന്റെയും സ്ഥാനത്ത് മറ്റൊന്നും ഉപയോഗിക്കരുത്. മുഖം മറച്ചതോ തലമറച്ചതോ സണ്‍ഗ്ലാസ്, ടിന്റഡ് ഗ്ലാസ് തുടങ്ങിയ കണ്ണുകള്‍ മൂടുന്ന തരത്തിലുള്ള ഫോട്ടോകള്‍ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യരുതെന്ന് ഡബ്ല്യുബിപിആര്‍ബിയുടെ നിബന്ധനകളിലുണ്ട്. 'ഗ്രൂപ്പ് ഫോട്ടോകള്‍' അല്ലെങ്കില്‍ 'സെല്‍ഫികള്‍' എന്നിവയില്‍നിന്ന് ക്രോപ്പ് ചെയ്ത ഫോട്ടോകളും സൂക്ഷ്മപരിശോധനയില്‍ അനുവദനിക്കില്ല. ബോര്‍ഡ് സപ്തംബര്‍ 26ന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാഥമിക പരീക്ഷ നടത്താനിരിക്കുകയാണ്. ഇതിനായി അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഹിജാബ് ധരിക്കുകയെന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് അവസരം നിഷേധിക്കപ്പെട്ട കുട്ടികള്‍ പ്രതികരിച്ചു. അപേക്ഷാ ഫോമുകള്‍ നിരസിക്കുന്നതുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ബംഗാള്‍ യൂനിറ്റ് ഓഫ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്‌ഐഒ) ഡബ്ല്യുബിപിആര്‍ബി ചെയര്‍പേഴ്‌സന് കത്തയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫോമുകള്‍ വീണ്ടും അപ്‌ലോഡ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഉചിതമായ സമയം നല്‍കണം. ഹിജാബ് ധരിക്കുന്നത് മുസ്‌ലിം സ്ത്രീകളുടെ അവകാശമാണ്. ഇത് അവരുടെ ഫോമുകള്‍ നിരസിക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കരുത്. പരീക്ഷാ സമയത്തല്ല, റിക്രൂട്ട്‌മെന്റിനുശേഷം യൂനിഫോം ആക്ട് അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താം- സംഘടന കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ നേരത്തെയും നിരവധി മല്‍സരപ്പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നേവരെ അതിന്റെ പേരില്‍ തന്റെ അപേക്ഷ തള്ളിയിട്ടില്ല. എന്റെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് പോലിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്'- നോര്‍ത്ത് 24 പര്‍ഗാനസ് സ്വദേശിയായ സോനാമോനി ഖാത്തൂന്‍ പറയുന്നു. ഓഫിസറെ കാണാന്‍ ശ്രമിച്ചെങ്കിലും തനിക്ക് അനുമതി നല്‍കിയില്ലെന്ന് തുഹീന ഖാത്തൂന്‍ കൂട്ടിച്ചേര്‍ത്തു. മതവിശ്വാവസമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുമ്പോള്‍ എങ്ങനെയാണ് ഒരു ബോര്‍ഡിന് അത് നിഷേധിക്കാന്‍ കഴിയുകയെന്ന് മുര്‍ഷിദാബാദില്‍നിന്നുള്ള സുമിയ യാസ്മിന്‍ ചോദിക്കുന്നു.

Tags:    

Similar News