കെജ്രിവാളിന്റെ രാമക്ഷേത്ര ദര്‍ശനം വിവാദമാവുന്നു; ബാബരി മസ്ജിദിലെ ഹിന്ദുത്വ അനീതിയെ അംഗീകരിക്കുന്നുണ്ടോയെന്ന് പോപുലര്‍ ഫ്രണ്ട്

മതവും രാഷ്ട്രീയവും തമ്മില്‍ ചേര്‍ത്തത് ബിജെപിയാണെന്നും അതിന് പുറകെ ആംആദ്മി പാര്‍ട്ടി പോകുന്നു എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Update: 2021-10-27 03:17 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് മ്യദു ഹിന്ദുത്വം പയറ്റുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ വ്യാപക പ്രതിഷേധം. അയോധ്യ സന്ദര്‍ശനത്തിനെത്തിയ കെജ് രിവാള്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാം ജന്മഭൂമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതാണ് വിവാദമായിരിക്കുന്നത്.

രംലല്ലയില്‍ അര്‍ച്ചനയും സരയൂഘട്ടില്‍ ആരതിയും നടത്തിയിരുന്നു. രാമക്ഷേത്ര പൂജാരി ആചാര്യ സത്യേന്ദ്ര ദാസാണ് പൂജക്ക് കാര്‍മികത്വം വഹിച്ചത്. ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സൗജന്യ തീര്‍ത്ഥാടന പദ്ധതിക്ക് കീഴില്‍ അയോധ്യയും ഉള്‍പെടുത്തുമെന്ന വാഗ്ദാനവും കെജ്രിവാള്‍ നല്‍കി. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഹിന്ദുത്വ പ്രീണന നയത്തിന്റെ ഭാഗമായാണ് ആം ആദ്മിയുടെ നടപടിയെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു.

ബാബരി മസ്ജിദിനെതിരേ നടന്ന ഹിന്ദുത്വ അക്രമത്തെയും അനീതിയെയും കെജ്രിവാള്‍ അംഗീകരിക്കുന്നുണ്ടോയെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അയോധ്യയില്‍ പ്രാര്‍ത്ഥന നടത്തുന്നതിലൂടെ കെജ്രിവാള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?, അതില്‍ വലിയൊരു വിഭാഗം മുസ് ലിംകളാണ്. ബാബരി മസ്ജിദിനെതിരേയുള്ള അക്രമത്തെയും അനീതിയെയും അദ്ദേഹം അംഗീകരിക്കുന്നുണ്ടോ?. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിച്ചതില്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടോ?. അദ്ദേഹം എപ്പോഴെങ്കിലും വിശദീകരിക്കുമോ?'. ഒഎംഎ സലാം ട്വീറ്റ് ചെയ്തു.

മതവും രാഷ്ട്രീയവും തമ്മില്‍ ചേര്‍ത്തത് ബിജെപിയാണെന്നും അതിന് പുറകെ ആംആദ്മി പാര്‍ട്ടി പോകുന്നു എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ മാത്രമാണ് കെജ്രിവാള്‍ അയോധ്യയെ കുറിച്ച് ഓര്‍ത്തതെന്ന് ബിജെപി പരിഹസിച്ചു. നേരത്തെ രാമക്ഷേത്രത്തെ എതിര്‍ത്ത കെജ്രിവാള്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമന്റെ അനുഗ്രഹം തേടി എത്തിയിരിക്കുകയാണെന്ന് ബിജെപി എംഎല്‍എ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തിന് പകരം യൂനിവേഴ്‌സിറ്റി നിര്‍മിക്കണമെന്നാണ് കെജ്രിവാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം രാമനെ കുറിച്ച് സംസാരിക്കുന്നു. രാമന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ മണ്ടന്‍മാരല്ലെന്നും ആം ആദ്മിയുടെ രാഷ്ട്രീയം തിരിച്ചറിയുമെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 403 സീറ്റിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കെജ്രിവാള്‍ ദ്വിദിന സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയത്. രാവിലെ അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയായിരുന്നു തുടക്കം. ശേഷം രാം ലല്ലയില്‍ അര്‍ച്ചന നടത്തി.

ഇന്നലെ സരയൂ നദീതിരത്തെ ആരതിയിലും കെജ് രിവാള്‍ പങ്കെടുത്തിരുന്നു. അയോധ്യയിലെത്താനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നും രാമന്റെയും സരയു ദേവിയുടെയും അനുഗ്രഹത്താല്‍ രാജ്യം കൊവിഡില്‍ നിന്നും മുക്തി നേടുമെന്നും ആരതിക്ക് ശേഷം കെജ്രിവാള്‍ പറഞ്ഞു.

കൂടുതല്‍ പേരെ ദര്‍ശനത്തിനെത്തിക്കാനുവന്ന എല്ലാ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ തീര്‍ത്ഥയാത്രാ യോജനയില്‍ ഇപ്പോള്‍ രാമേശ്വരം, ദ്വാരകാ പുരി, ഹരിദ്വാര്‍, ഋഷികേശ്, മഥുര, വൈഷ്ണവ ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെടുന്നത്. അതില്‍ അയോധ്യകൂടി ഉല്‍പ്പെടുത്തുമെന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം. അതിനുവേണ്ടി പ്രത്യേക കാബിനറ്റും അദ്ദേഹം വിളിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ ചെലവില്‍ എസി ട്രയിനില്‍, എസി ഹോട്ടലില്‍ താമസിച്ച് തീര്‍ത്ഥാടനം നടത്തുന്ന പദ്ധതിയാണ് തീര്‍ത്ഥയാത്രാ യോജന.

സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ജയ് ശ്രീം വിളിയോടെ ഒരു ട്വീറ്റും ചെയ്തു. ''ഭഗവാന്‍ ശ്രീരാമന്റെ പുണ്യഭൂമിയായ അയോധ്യാ നഗരത്തില്‍ ദര്‍ശനം നടത്തിയ ശേഷം ശ്രീരാംലാലയുടെ അനുഗ്രഹം വാങ്ങി. ഹനുമാന്‍ഗര്‍ഹിയിലെ ശ്രീ ബജ്രംഗ് ബലി ദര്‍ശനവും നടത്തി, ജയ് ശ്രീം'' ഇതായിരുന്നു ട്വീറ്റ്.

അടുത്ത വര്‍ഷം തുടക്കത്തിലാണ് യുപിയിലെയും പഞ്ചാബിലെയും നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും എതിര്‍ത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ആം ആദ്മി ഹിന്ദു കാര്‍ഡില്‍ ഊന്നി വോട്ട് നേടാന്‍ ശ്രമിക്കുന്നത്.

Tags:    

Similar News