കൊവിഡ് വാക്‌സിനുകള്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവുമോ?
രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയെ ശ്വാസംമുട്ടിച്ച് അതിദ്രുതം പടര്‍ന്ന കൊവിഡിന്റെ രണ്ടാം തരംഗത്തെ കൊവിഡ് വാക്‌സിനുകളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ നിലവില്‍ ഉപയോഗത്തിലുള്ള കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡിനും അത്തരത്തില്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. വാക്‌സിനേഷന്‍ വ്യാപകമാക്കുന്നതോടെ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയ്ക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കൊവിഷീല്‍ഡും കൊവാക്‌സിനും ജനിതക മാറ്റം വന്ന വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കും. വാക്‌സിനേഷന് ശേഷം രോഗം ബാധിച്ചാലും വളരെ ചെറിയ തരത്തിലുള്ള രോഗം മാത്രമേ വരൂ എന്നാണ് കണ്ടെത്തല്‍. അത് ഗുരുതരമാകാനും സാധ്യതയില്ല. വാക്‌സിനേഷന്‍ പ്രതിരോധ ശേഷി കൂട്ടുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടുതല്‍ പഠനങ്ങളിലൂടെ പൂര്‍ണമായ പ്രതിരോധ ശേഷിക്ക് എന്ത് ചെയ്യണമെന്ന് കണ്ടെത്താന്‍ സാധിക്കും. ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രാജ്യത്തെ പകുതി ജനങ്ങള്‍ക്കു പോലും ഇപ്പോഴും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് രണ്ടാം തരംഗം വ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. ഓക്‌സിജന്‍ ക്ഷാമം കാരണം മരണം വര്‍ധിക്കാനും സാധ്യതയുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധിയാണ് ഇപ്പോഴുമുള്ളത്.
അതിനിടെ, യുപി അടുത്ത കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറി കൊണ്ടിരിക്കുകയാണ്. എട്ട് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ആഗ്രയില്‍ മരിച്ചിരിക്കുകയാണ്. ആഗ്രയിലെ പരസ് ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉള്ള ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലെ യാഥാര്‍ത്ഥ്യം ഇതാണെന്ന് വ്യക്തമാകുന്നത്. ആശുപത്രികള്‍ക്ക് പുറത്ത് ഓക്‌സിജന്‍ ഇല്ലെന്നും, ചികിത്സ ആവശ്യമുള്ളവര്‍ സ്വയം സിലിണ്ടറുകള്‍ കൊണ്ടുവരണമെന്നുമാണ് ആശുപത്രികള്‍ ആവശ്യപ്പെടുന്നത്.
യുപിയിലും ആഗ്രയിലും റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ല. ഗുരുതരമല്ലാത്ത കൊവിഡിന് ഈ കുത്തിവെപ്പ് ഉപയോഗിക്കാറുണ്ട്. പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രത്തിലും റെംഡിസിവിര്‍ കിട്ടാനില്ല. യോഗി സര്‍ക്കാര്‍ പറയുന്നത് പ്രകാരം ധാരാളം റെംഡിസിവിര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ രോഗികളില്‍ പലര്‍ക്കും ഇത് കിട്ടാനില്ല. ആഗ്രയില്‍ മാത്രം നാലായിരം ആക്ടീവ് കേസുകളാണ് ഉള്ളത്. ആശുപത്രി കിടക്കകള്‍ പക്ഷേ ധാരാളമുണ്ടെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറയുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ഗൗരവത്തോടെ കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. കുംഭ മേളയില്‍ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റില്‍ പറത്തി ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികള്‍ ഒത്തുകൂടിയത് കൊവിഡ് വ്യാപനത്തിന് പ്രധാന കാരണമായത്. കൂടാതെ, അഞ്ചിടങ്ങളില്‍നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും റാലികളും കാര്യങ്ങള്‍ കൈവിടുന്നതിലേക്ക് നയിച്ചു.