'തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവല്ലേ?'; എ എം ആരിഫ് എംപിയുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് അരിത ബാബു

പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു അരിതയുടെ ജോലിയെ ചൂണ്ടിക്കാട്ടി ആരിഫ് പ്രസംഗിച്ചത്.

Update: 2021-04-05 10:45 GMT

കായംകുളം: തനിക്കെതിരായി ആലപ്പുഴ എംപി എ എം ആരിഫ് നടത്തിയ പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചത് അരിത പറയുന്നു.

''ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുള്‍പ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്, അവഹേളിച്ചത്. രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന പലര്‍ക്കും അതൊരു വരുമാനമാര്‍ഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാന്‍ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമര്‍ശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്'', എന്ന് അരിത ബാബു.

കായംകുളത്ത് നടന്ന വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ വിവാദപരാമര്‍ശം. അഡ്വ. യു പ്രതിഭ എംഎല്‍എയാണ് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു അരിതയുടെ ജോലിയെ ചൂണ്ടിക്കാട്ടി ആരിഫ് പ്രസംഗിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ആരിഫിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Tags:    

Similar News