മാസ്‌ക് ധരിക്കാത്തതിന് ആര്‍മി ജവാന് ക്രൂര മര്‍ദ്ദനം
പത്ര കുമാര്‍ യാദവ് എന്ന ജവനെയാണ് ചത്രയിലെ കര്‍മ്മ ബസാര്‍ പ്രദേശത്ത് വച്ച് ഒരു കൂട്ടം പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
റാഞ്ചി: മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ ഇന്ത്യന്‍ ആര്‍മി ജവാന് പോലിസിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജനരോഷമിരമ്പുകയാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് പോലിസുകാരെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു. ചത്ര പോലിസ് സൂപ്രണ്ടിന്റെ (എസ്പി) ഓഫിസിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്ര കുമാര്‍ യാദവ് എന്ന ജവനെയാണ് ചത്രയിലെ കര്‍മ്മ ബസാര്‍ പ്രദേശത്ത് വച്ച് ഒരു കൂട്ടം പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ പോലിസുകാര്‍ മര്‍ദ്ദിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പോലിസ് പ്രദേശത്ത് പരിശോധന നടത്തവെ സമീപത്തെ ആരഭൂസാഹി ഗ്രാമത്തില്‍ താമസിക്കുന്ന യാദവ് ബൈക്കില്‍ അതുവഴി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
യാദവിനെ തടഞ്ഞ പോലിസുകാരില്‍ ഒരാള്‍ ബൈക്കിന്റെ ചാവി ഊരി മാറ്റിയത് സൈനികന്‍ ചോദ്യം ചെയ്തതോടെ പോലിസുകാര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്ഷുഭിതരായ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ യാദവിനെ മയൂര്‍ഹണ്ട് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംപി സുനില്‍ കുമാര്‍ സിംഗ് ആവശ്യപ്പെട്ടു.