ചാനല്‍ റേറ്റിങിൽ തട്ടിപ്പ്: അന്വേഷണത്തോട് സഹകരിക്കാതെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി
റേറ്റിങ്ങില്‍ കൃത്രിമം നടന്നതായി ബാര്‍ക്ക് ( BARC -Broadcast Audience Research Council) വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു
ന്യൂഡൽഹി: ടെലിവിഷന്‍ ചാനല്‍ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് ബാരോമീറ്ററില്‍ കൃത്രിമം കാണിച്ച കേസില്‍ മുംബൈ പോലിസിന്റെ അന്വേഷണത്തോട് സഹകരിക്കാതെ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ സിഎഫ്ഒ ശിവ സുബ്രഹ്മണ്യം സുന്ദരത്തിന് മുംബൈ പോലിസ് നോട്ടിസ് നല്‍കിയിരുന്നു. നോട്ടിസ് പ്രകാരം ഹാജരാകാതെ, ഒഴിഞ്ഞുമാറാന്‍ കാരണം നിരത്തുകയാണ് സിഎഫ്ഒ. ശനിയാഴ്ച ഹാജരാകാനായിരുന്നു പോലിസ് ആവശ്യപ്പെട്ടിരുന്നത്.
പോലിസ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് ചാനല്‍ നല്‍കുന്ന മറുപടി. സുപ്രീംകോടതി വിധി വരുന്നത് വരെ ഹാജരാകാനുള്ള സമയം മാറ്റിവെക്കണമെന്നും ചാനല്‍ സിഎഫ്ഒ ആവശ്യപ്പെട്ടു. ടിആര്‍പി റേറ്റിങ് നിശ്ചയിക്കുന്നതിന് ബാര്‍ക്ക് ബാരോമീറ്റര്‍ സ്ഥാപിച്ച വീടുകളിലുള്ളവര്‍ക്ക് പണം നല്‍കി എന്നതാണ് കേസ്. പണം ലഭിച്ചവര്‍ ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. റേറ്റിങില്‍ തട്ടിപ്പ് നടന്നതായി ബാര്‍ക്കും ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ ബാര്‍ക്ക് ഏല്‍പ്പിച്ച ഏജന്‍സിയും പോലിസിനെ അറിയിച്ചിട്ടുണ്ട്.
പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഒഴിഞ്ഞുമാറാനുള്ള കാരണം കമ്പനിയുടെ സിഎഫ്ഒ സുന്ദരം നിരത്തിയത്. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുന്ദരം അറിയിച്ചു. അടുത്ത ഏതാനും ദിവസം താന്‍ മുംബൈയില്‍ ഉണ്ടാകില്ലെന്നും ഒക്ടോബര്‍ 14നോ 15 മാത്രമേ തിരിച്ചെത്തൂ എന്നുമാണ് ഹാജരാകാതിരിക്കാനുള്ള മറ്റൊരു കാരണം റിപബ്ലിക് ടിവി മുന്നോട്ടുവെച്ചത്.
റേറ്റിങ്ങില്‍ കൃത്രിമം നടന്നതായി ബാര്‍ക്ക് ( BARC -Broadcast Audience Research Council) വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അര്‍ണബ് ഗോസ്വാമിയുടെ റിബ്ലിക് ടിവിയാണ് ഇതില്‍ ഏറ്റവും വലിയ ചാനല്‍. മറാത്തി ചനാലായ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവയാണ് നിയമ നടപടി നേരിടുന്ന മറ്റ് രണ്ട് ചാനലുകള്‍. നാല് പേരെ മുംബൈ പോലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുശാന്ത് സിങ് രജപുത്ത് കേസില്‍ മുംബൈ പോലിസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് ഈ കേസ് എന്നാണ് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാദം.