മോദിയെ പുകഴ്ത്തി ഉമര്‍ അബ്ദുല്ല; ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറുന്നു
ശ്രീനഗര്‍: കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ നിന്നും പിന്‍മാറി നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി.). 370 തിരിച്ച് കൊണ്ടുവരണമെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്ളടത്തോളം കാലം അതു സാധ്യമാവില്ല. അതിനാല്‍ ഈ ആവശ്യത്തില്‍ നിന്നും പാര്‍ട്ടി നല്‍ക്കാലം പിന്മാറുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല.
കേന്ദ്രസര്‍ക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ഒരിക്കലും ഗുണം ചെയ്യില്ല. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നരേന്ദ്രമോദി മാന്യനായ വ്യക്തിയാണെന്നും കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് -കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് 42 ഇടങ്ങളിലും 32 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടങ്ങളിലും വിജയിച്ചു. ബിജെപി 28 സീറ്റുകളിലാണ് വിജയിച്ചത്.