ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്

Update: 2022-01-04 03:52 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'എനിക്ക് കൊവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വീട്ടില്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യുക- മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 4,099 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവിറ്റി നിരക്ക് 6.46 ശതമാനമാണ്.

6,288 കൊവിഡ് രോഗികള്‍ ഹോം ഐസൊലേഷനിലാണ്. തിങ്കളാഴ്ച ഡല്‍ഹിയിലും ഒരു കൊവിഡ് മരണം രേഖപ്പെടുത്തി. ഡല്‍ഹിയിലെ മിക്ക കേസുകളും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡിസംബര്‍ 30 മുതല്‍ 31 വരെയുള്ള മൂന്ന് ലാബുകളില്‍നിന്നുള്ള ജീനോം സീക്വന്‍സിങ് റിപോര്‍ട്ടുകള്‍ പ്രകാരം 81 ശതമാനം സാംപിളുകളിലും ഒമിക്രോണാണ് ബാധിച്ചത്. മിക്ക കേസുകളും ഒമിക്രോണിന്റേതാണ്-ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

Tags:    

Similar News