മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാനും കോണ്‍ഗ്രസ് വിട്ടു

ബിജെപി ടിക്കറ്റില്‍ രാജ്യസഭാ എംപിയായേക്കും

Update: 2024-02-12 10:34 GMT

മുംബൈ: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുന്‍ എംപിയുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു. ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചത്. ബിജെപി ടിക്കറ്റില്‍ രാജ്യസഭാ എംപിയായേക്കുമെന്നാണ് സൂചന. അതേസമയം, മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ചവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ഒരു തീരുമാനം എടുക്കും. ഞാന്‍ ഇതുവരെ ഒരു പാര്‍ട്ടിയോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം വൈകുന്നതില്‍ അശോക് ചവാന്‍ അസ്വസ്ഥനാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

    നിയമസഭയില്‍ ഭോക്കര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചവാന്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ കഴിഞ്ഞ മാസം പാര്‍ട്ടിവിട്ട് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നിരുന്നു. ചവാന്‍ പാര്‍ട്ടിയില്‍ ചേരുന്നുണ്ടോയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനോട് നേരത്തേ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നിരവധി നല്ല നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനുള്ളതെന്നും ജനങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുകയാണെന്നും ചില വലിയ മുഖങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളുമായുള്ള ഭിന്നതകളാണ് ചവാന്റെ രാജിക്കു പിന്നിലെന്നും റിപോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍റാവു ചവാന്റെ മകനായ അശോക് ചവാന്‍ നന്ദേഡ് മേഖലയില്‍ മികച്ച സ്വാധീനമുള്ള നേതാവാണ്.

    കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയം തുടങ്ങിയ അദ്ദേഹം മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നന്ദേഡില്‍ നിന്ന് രണ്ട് തവണ എംപിയായും എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം, 2008 ലെ മുംബൈ ആക്രമണത്തെത്തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2009 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അദ്ദേഹത്തെ ഉന്നത പദവിയില്‍ നിലനിര്‍ത്തി. എന്നിരുന്നാലും, ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ ചവാന്‍ സ്ഥാനമൊഴിയുകയായിരുന്നു.




Tags:    

Similar News