അശോക് ഗെലോട്ടും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും, ഗലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിക്ക് സാധ്യത

ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.

Update: 2022-09-28 01:39 GMT
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും. അശോക് ഗെലോട്ട് തന്നെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കട്ടെ എന്ന തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ താന്‍ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അശോക് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോള്‍ പകരം ആര് എന്നത് സോണിയ ഗാന്ധി നിശ്ചയിക്കും. ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.

മുപ്പതാം തീയതി വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവന്‍കുമാര്‍ ബെന്‍സലും മാത്രമാണ് നാമനിര്‍ദ്ദേശപത്രികകള്‍ തിരഞ്ഞെടുപ്പ് സമിതി ഓഫിസില്‍ നിന്ന് വാങ്ങിയിട്ടുള്ളത്. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. അധ്യക്ഷനാകാനില്ലെന്ന് ദില്ലിക്ക് പുറപ്പെടും മുന്‍പ് എ കെ ആന്റണി പറഞ്ഞു. ഇതിനിടെ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗലോട്ടിന്റെ മൂന്നു വിശ്വസ്തര്‍ക്ക് എഐസിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മത്സരിക്കാനില്ലെന്ന് കമല്‍നാഥും, രണ്ട് സെറ്റ് പത്രിക വാങ്ങിയ പവന്‍ ബന്‍സലും തുറന്നു പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങളെ കണ്ട അംബികസോണിയും മത്സര സാധ്യത തള്ളി. മുകുള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് കേള്‍ക്കുന്നു.

സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു. പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണ്. ഡല്‍ഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങള്‍ക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോള്‍ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക നീക്കം. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

Tags:    

Similar News