ശ്രീജ നെയ്യാറ്റിന്‍കരയെ അധിക്ഷേപിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
അതേസമയം, എഎസ്‌ഐയെ സസ്‌പെന്റ് ചെയ്ത വിവരം അറിയില്ലെന്നാണ് തിരുനെല്ലി സിഐ പ്രതികരിച്ചത്.
കല്‍പറ്റ: ഔദ്യോഗിക വേഷത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്ത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മാനന്തവാടി തിരുനെല്ലി സ്‌റ്റേഷനിലെ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിനെയാണ് വയനാട് പോലിസ് ചീഫ് സസ്പന്റ് ചെയ്തത്. സാമൂഹികപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയുടെ പരാതിയില്‍ എഎസ്‌ഐക്കെതിരേ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശ്രീജ ഡിജിപിക്കും മാനന്തവാടി ഡിവൈഎസ്പിക്കുമടക്കം തെളിവു സഹിതമാണ് പരാതിനല്‍കിയത്.
തിരുനെല്ലി പോലിസ് സ്‌റ്റേഷനിലെ pc1418 നമ്പര്‍ ഉദ്യോഗസ്ഥനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാര്‍ സംഘപരിവാര്‍ വിരുദ്ധ പോസ്റ്റുകള്‍ക്ക് താഴെ പതിവായി ലൈംഗികപ്രയോഗങ്ങളും തെറിവിളികളും വ്യക്തിയധിക്ഷേപങ്ങളും നടത്തുന്നതായാണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പരാതി. കഴിഞ്ഞദിവസം അവര്‍ ഇട്ട ഒരു പോസ്റ്റില്‍ 'നീ വരുന്നോ തിരുനെല്ലിക്ക്' എന്നായിരുന്നു ചോദ്യം. കടുത്ത ആര്‍എസ്എസ് അനുഭാവായും ഇതര മതവിദ്വേഷിയുമാണ് ഈ പോലിസ് ഉദ്യോഗസ്ഥനെന്ന് തെളിയിക്കുന്നതാണ് പല പരാമര്‍ശങ്ങളും. ഇതുസംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് ശ്രീജ ആഭ്യന്തരമന്ത്രി, ഡിജിപി, വയനാട് എസ്പി, മാനന്തവാടി ഡിവൈഎസ്പി, തിരുനെല്ലി പോലിസ് സ്‌റ്റേഷന്‍ മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
അതേസമയം, എഎസ്‌ഐയെ സസ്‌പെന്റ് ചെയ്ത വിവരം അറിയില്ലെന്നാണ് തിരുനെല്ലി സിഐ പ്രതികരിച്ചത്.