പാലത്തായി ബാലികാ പീഡനം: പിണറായിക്ക് ഇ മെയില്‍ കാംപയിനുമായി ശ്രീജ നെയ്യാറ്റിന്‍കര

ഇരയുടെ മാതാവടക്കമുള്ളവരുടെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ആഭ്യന്തര വകുപ്പ് ബോധപൂര്‍വ്വമായ മൗനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ കൂടുതല്‍ പരാതികള്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് മുന്നില്‍ എത്തേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് കാംപയിന്‍ ആരംഭിക്കുന്നതെന്ന് ശ്രീജ പറഞ്ഞു.

Update: 2020-07-22 09:03 GMT
പാലത്തായി ബാലികാ പീഡനം: പിണറായിക്ക്  ഇ മെയില്‍ കാംപയിനുമായി ശ്രീജ നെയ്യാറ്റിന്‍കര

പിസി അബ്ദുല്ല

കോഴിക്കോട്: ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനെതിരെ സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ, മാധ്യമ രംഗത്തുള്ളവരെ അണിനിരത്തി ശ്രീജ നെയ്യാറ്റിന്‍കരയുടെ നേതൃത്വത്തില്‍ രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഇ മെയില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇരയുടെ മാതാവടക്കമുള്ളവരുടെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ആഭ്യന്തര വകുപ്പ് ബോധപൂര്‍വ്വമായ മൗനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ കൂടുതല്‍ പരാതികള്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് മുന്നില്‍ എത്തേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് കാംപയിന്‍ ആരംഭിക്കുന്നതെന്ന് ശ്രീജ പറഞ്ഞു.

ഇതോടൊപ്പമുള്ള മാറ്റര്‍ കോപ്പി ചെയ്ത് ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ മെയിലിലേക്ക് പരാതികള്‍ അയക്കുക്കാം. തുടര്‍ന്നത് അയക്കുന്നവരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം.

chiefminister@kerala.gov.in

പരാതിയുടെ ഉള്ളടക്കംഃ

സ്വീകര്‍ത്താവ്,

കേരള ആഭ്യന്തര മന്ത്രി ശ്രീ പിണറായി വിജയന്‍

സെക്രട്ടറിയേറ്റ്, തിരുവനന്തപുരം

വിഷയം

ഐ ജി ശ്രീജിത്തിനെ പാലത്തായി കേസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെ സംബന്ധിച്ച്.

സര്‍,

കോടതിയുടെ പരിഗണനയിലുള്ള പാലത്തായി ബാലികാ പീഡനക്കേസുമായി ബന്ധപ്പെട്ട ഒട്ടേറെ സുപ്രധാന വിവരങ്ങള്‍ കേസ് അന്വേഷണ ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് വ്യക്തമായി ഐഡന്റിറ്റി പോലും ചോദിച്ച് മനസിലാക്കാതെയുള്ള ഒരു ഫോണ്‍ സംഭാഷണത്തിലൂടെ പരസ്യപ്പെടുത്തുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പ്രസ്തുത ഫോണ്‍ സംഭാഷണത്തില്‍ ഇരയേയും സാക്ഷിയേയും വരെ തിരിച്ചറിയുന്ന രീതിയിലുള്ള വിവരങ്ങളും കേസിന്റെ നാള്‍ വഴികളും മജിസ്‌ട്രേറ്റിന് മുന്‍പാകെ ഇര നല്‍കിയ രഹസ്യ മൊഴിയും അടക്കം വ്യക്തമായി വിവരിക്കുന്നതാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഒരു ബാലിക ക്രൂരമായ പീഡനത്തിനിരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുള്ള കേസിലെ ഇത്രയും സുപ്രധാന വിവരങ്ങള്‍ പുറത്ത് വിടുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുന്നതും, പ്രതിക്ക് സഹായകമാകുന്നതും, പോലിസ് സംവിധാനത്തോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നതുമാണ്. ഐജി ശ്രീജിത്ത് നടത്തിയ ഫോണ്‍ സംഭാഷണം കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന ആക്ഷേപം പൊതു സമൂഹത്തില്‍ പരക്കെ ഉയര്‍ന്നിട്ടുമുണ്ട്.

ഐജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ മാതാവ് തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പീഡനത്തിന് ഇരയായ തന്റെ കുട്ടിയുടെ ഐഡന്റിറ്റി ഐജി ശ്രീജിത്ത് വെളിപ്പെടുത്തിയെന്നും തങ്ങളെ സമൂഹമധ്യത്തില്‍ അപമാനിക്കാനാണ് ശ്രമമെന്നും മതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കണമെന്നും മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പോക്‌സോ നിയമത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ഐ. ജി. ശ്രീജിത്ത് നടത്തിയിരിക്കുന്നത്. ഗുരുതരമായ കൃത്യവിലോപം നടത്തിയ ഈ ഉദ്യോഗസ്ഥനെ എത്രയും പെട്ടന്ന് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തി മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശേഷം പരാതി അയക്കുന്നവരുടെ പേരും വിലാസവും സ്ഥലവും. 

Tags:    

Similar News