പാലത്തായി കേസ്: ഐജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണം -വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി
റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും, ഇരയുടെയും, പ്രതിയുടെയും, സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.
കോഴിക്കോട്: പാലത്തായി ബാലികാ പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവിന് അനുകൂലമായി ഫോണ്‍ സംഭാഷണം പുറത്ത് വിട്ട ഐജി എസ് ശ്രീജിത്തിനെതിരേ പോക്‌സോ
നിയമ പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന് പരാതി നല്‍കി.
ശ്രീജിത്തിന്റേ പേരില്‍ പ്രചരിപ്പിക്കപ്പെട്ട ഫോണ്‍ റെക്കോഡ് കൃത്യമായി പ്രതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പുറത്ത് വിട്ടതാണ്. വോയിസ് റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും, ഇരയുടെയും, പ്രതിയുടെയും, സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും, എതിര്‍കക്ഷി യാതൊരു ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയുമാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു.
ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍:
-ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണല്ലോ പോക്‌സോ. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ അക്രമിക്കപ്പെടുമ്പോള്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടുവാന്‍ തീര്‍ച്ചയായും ഈ നിയമം ഫലപ്രദമാണ്. എന്നാല്‍, 3 മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ ഏകദേശം 10 വയസ്സ് മാത്രമുള്ള നാലാം ക്ലാസില്‍ പഠിക്കുന്ന പിഞ്ചു കുട്ടിയെ സ്വന്തം അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ച വാര്‍ത്തകള്‍ അങ്ങയുടെ ശ്രദ്ധിക്കപ്പെട്ടിരിക്കുമല്ലോ. ഏറെ ജനകീയ പ്രതിഷേധങ്ങള്‍ക്കു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതും 90 ദിവസമെത്തിയപ്പോള്‍ ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയതും അങ്ങയുടെ അറിവിലുണ്ടാകുമല്ലോ. എന്നാല്‍ ഈ വിഷയത്തില്‍ പോക്‌സോ എടുത്ത് മാറ്റി പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണമായത് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ ഐ.ജി എസ് ശ്രീജിത്തിന്റെ ഇടപെടലുകളാണെന്ന വ്യക്തമായ തെളിവുകളോടെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
-ഇക്കഴിഞ്ഞ 18/07/2020 തിയ്യതി കണ്ണൂര്‍ പാലത്തായിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ റെക്കോര്‍ഡിങ് എന്റെ ശ്രദ്ധയില്‍പെടുകയുണ്ടായി. ഉദ്ദേശം17 മിനിറ്റോളം വരുന്ന ടീ റെക്കോര്‍ഡിങ് എതിര്‍കക്ഷിയും മുഹമ്മദ് ഹാദി എന്ന ആളും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണെന്നു വ്യക്തമാകുന്നു. മേല്‍വോയിസ് റെക്കോര്‍ഡിങ്ങിലുടനീളം എതിര്‍കക്ഷി ഔദ്യോഗിക രേഖകളുടെയും, ഇരയുടെയും, പ്രതിയുടെയും, സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതും ആയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നതുമാണ്.
-അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും, എതിര്‍കക്ഷി യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും, ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയുമാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതും ആയത് പ്രചരിപ്പിച്ചിട്ടുള്ളതും. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലും ആയതിന്റെ പ്രചാരണവും വഴി എതിര്‍കക്ഷി കേരളാ പോലിസ് ആക്ടിന്റെയും കൂടാതെ പോക്‌സോ ആക്ടിന്റെയും പരിധിയില്‍പെടുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തതായി വെളിപ്പെട്ടിരിക്കുന്നതും ആയതിനു എതിര്‍കക്ഷിക്കെതിരെ നടപടിയെടുക്കേണ്ടതുമാണ്.
-പോക്‌സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ sec154 , 161 , 164 CRPC മൊഴികളിലെ വൈരുധ്യവും, കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിപ്പെടുത്തലുകളും മേല്‍കേസിന്റെ തുടര്‍നടത്തിപ്പിലും, അന്വേഷണത്തിലും സാരമായി ബാധിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുക വഴി എതിര്‍കക്ഷി കേസിന്റെ തുടരന്വേഷണത്തേയും, നടത്തിപ്പിനെയും ബാധിക്കുംവിധം കൃത്യവിലോപമാണ് ചെയ്തിരിക്കുന്നത്.
-പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള അന്വേഷണം തുടരുകയാണെന്നും എതിര്‍കക്ഷി പറയുമ്പോള്‍ തന്നെ ഇത്തരത്തില്‍ sec164 CRPC പ്രകാരമുള്ള ഇരയുടെ മൊഴിയുടെ തുറന്നുപറച്ചിലും ആരെയോ കൊണ്ട് അത് റെക്കോര്‍ഡ് ചെയ്ത് സമൂഹത്തില്‍ വെളിപ്പെടുത്തുന്നതും നിയമപരമായി ശരിയല്ലാത്തതും എതിര്‍കക്ഷി കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരിക്കുകയുമാണ്. നിയമപരമായുള്ള അന്വേഷണങ്ങളും വിചാരണയും ബാക്കിനില്‍ക്കേ ഇത്തരത്തിലുള്ള എതിര്‍കക്ഷിയുടെ കേസന്വേഷണത്തിന്റെ രഹസ്യസ്വഭാവമില്ലായ്മ കേരളാ പോലിസ് ആക്ട് sec31ന്റെ ലംഘനമാണ്.
-ഇരയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും, ഇരയുടെ സ്വകാര്യതയും, മൊഴികളിലെ വൈരുധ്യവും കാണിച്ചു തരംതാഴ്‌ത്തെപ്പടുന്ന തരത്തിലുളള പ്രസ്താവനകളും പറയുക ആയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിലേക്കു കൂട്ടുനില്‍കും വിധമാണ് എതിര്‍കക്ഷി പ്രവര്‍ത്തിച്ചുവരുന്നത്. ആയത് sec23 ( 1 ) പോക്‌സോ ആക്ട് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ വീഴചയുമാണ്. കൂടാതെ ഇരയാക്കപ്പെട്ട 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് എന്നത് കേസിന്റെ ഗൗരവം ഏറെ വര്‍ധിപ്പിക്കുന്നു.
വിഷയത്തില്‍ സത്വരമായ അന്വേഷണം നടത്തി ബഹുസമക്ഷത്തു നിന്നും എതിര്‍കക്ഷിയും, ടിയാന്റെ സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ കൂട്ടു നിന്നആള്‍ക്കും എതിരെ അന്വേഷണം നടത്തി കേസെടുത്തു ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.