''കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല, വേദി തന്നത് സിനിമ'': ആസിഫ് അലി
തിരുവനന്തപുരം: കസേര പിടിച്ചിടാന്‍ പോലും ഇതുവരെ ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സിനിമാ നടന്‍ ആസിഫ് അലി. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വേദി തനിക്ക് തന്നത് സിനിമ എന്ന കലയാണ്. തന്റെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ഇവിടെ നില്‍ക്കാന്‍ സാധിച്ചത്. കലയെ കൈവിടരുത്. കഴിവ് തെളിയിച്ച കലയില്‍ നിന്ന് കുട്ടികള്‍ പിന്നോട്ട് പോകരുത്. നമ്മുക്ക് ഭാവിയില്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാം. സിനിമയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. വിജയികളായ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് പുതിയ ചിത്രത്തിന്റെ സൗജന്യ ടിക്കറ്റും നല്‍കുമെന്ന് ആസിഫ് അലി പറഞ്ഞു.
അതേസമയം ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികള്‍ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമെന്ന് നടന്‍ ടോവിനോ തോമസ് പറഞ്ഞു. താന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് ഇതുവഴി തനിക്ക് പറയാന്‍ ആകും. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ നിര്‍ത്തണമെന്നും ടോവിനോ തോമസ് പറഞ്ഞു.