അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി; 2,800ഓളം പന്നികള്‍ ചത്തു
എഎസ്എഫ് അഥവാ ആഫ്രിക്കന്‍ സ്വൈന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗം ഇന്ത്യയില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുവാഹതി: കൊവിഡ് ഭീഷണിക്കു പിന്നാലെ അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനിയും. 2,800ഓളം പന്നികളാണ് ഇതുവരെ അസുഖം ബാധിച്ച് ചത്തത്. വളര്‍ത്തുപന്നികളില്‍ കണ്ടുവരുന്ന നൂറു ശതമാനം മരണനിരക്കുള്ള അസുഖമാണ് ആഫ്രിക്കന്‍ പന്നിപ്പനി. എഎസ്എഫ് അഥവാ ആഫ്രിക്കന്‍ സ്വൈന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗം ഇന്ത്യയില്‍ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐസിഎആറിന്റെ പന്നി ഗവേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതിവിധി കണ്ടെത്താന്‍ സംസ്ഥാനത്തെ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു.
രോഗം ബാധിച്ച പന്നികളെ കൊല്ലില്ലെന്ന് സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ലോക്ക്ഡൗണിന് അനുസൃതമായ ബയോസെക്യൂരിറ്റി നടപടികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.