അസമിലും പ്രതിസന്ധി; കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജിവച്ചു, ബിജെപിയിലേക്കെന്ന് അഭ്യൂഹം

Update: 2024-02-28 09:21 GMT

ഗുവഹാത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അസമിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ബുധനാഴ്ച രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനാണ് രാജിക്കത്ത് നല്‍കിയത്. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജിപ്രഖ്യാപനം. അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്നത് റാണാ ഗോസ്വാമിയാണ്.

    നേരത്തേ, രാഷട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞിരുന്ന റാണാ ഗോസ്വാമി പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു. രാജി സമര്‍പ്പിച്ചതിനു പിന്നാലെ വേണുഗോപാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപോര്‍ട്ടുകളുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി റാണ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ അസമിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

Tags:    

Similar News