'ക്വാറന്റൈനിലെ സൗകര്യങ്ങള്‍ തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ മോശം'; അസം എംഎല്‍എ അമിനുല്‍ ഇസ്‌ലാം അറസ്റ്റില്‍

സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ക്കായുള്ള ക്വാറന്റൈന്‍ സെന്ററുകളിലെ അവസ്ഥ തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ മോശമാണെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് അറസ്റ്റ്.

Update: 2020-04-08 06:20 GMT

ഗുവാഹട്ടി: ഡിറ്റന്‍ഷന്‍ ക്യാംപുകളുടെ അവസ്ഥയെക്കുറിച്ചും സംസ്ഥാനത്തെ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെക്കുറിച്ചും ' ആക്ഷേപകരമായ' പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎല്‍എ അമിനുല്‍ ഇസ്‌ലാമിനെ അസം പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ക്കായുള്ള ക്വാറന്റൈന്‍ സെന്ററുകളിലെ അവസ്ഥ തടങ്കല്‍ കേന്ദ്രങ്ങളേക്കാള്‍ മോശമാണെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് അറസ്റ്റ്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ധിംഗ് നിയോജകമണ്ഡലത്തില്‍നിന്നുള്ള എഐയുഡിഎഫ് നിയമസഭാംഗത്തെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, സമുദായങ്ങള്‍ക്കിടയില്‍ അസംതൃപ്തി വ്യാപിപ്പിക്കല്‍ തുടങ്ങിയ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മറ്റൊരു വ്യക്തിയുമായുള്ള അമിനുല്‍ ഇസ്ലാമിന്റെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അസമിലെ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളുടെ അവസ്ഥ ഡിറ്റന്‍ഷന്‍ ക്യാംപുകളേക്കാള്‍ മോശമാണെന്ന് അദ്ദേഹം ഇതില്‍ പറയുന്നുണ്ട്.

മുസ്ലീങ്ങള്‍ക്കെതിരെ അസം സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും എംഎല്‍എ ആരോപിച്ചു. കഴിഞ്ഞ മാസം ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്ത് നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരെ ക്വാറന്റൈന്‍ സെന്ററുകളിലെ ജീവനക്കാര്‍ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

Tags:    

Similar News