നാഷനല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസ് ബന്ധമുള്ള കമ്പനികളുടെ 752 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി

Update: 2023-11-21 16:08 GMT

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ബന്ധമുള്ള കമ്പനിയുടെ 752 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ചാണ് നടപടി. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡിലും യങ് ഇന്ത്യന്‍സിലും റെയ്ഡ് നടത്തിയ ഇഡി സംഘമാണ് 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2014ല്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസന്വേഷണം തുടങ്ങിയിരുന്നത്. കേസില്‍ യങ് ഇന്ത്യ ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെന്നാണ് ഡല്‍ഹി കോടതി വിലയിരുത്തിയിരുന്നത്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, സത്യസന്ധമല്ലാത്ത സ്വത്ത് വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരുന്നത്. എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കള്‍ യങ് ഇന്ത്യ വഴി സ്വന്തമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കണ്ടുകെട്ടിയ സ്വത്തില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും നാഷനല്‍ ഹെറാള്‍ഡ് ഹൗസുകളും ലഖ്‌നോവിലെ നെഹ്‌റു ഭവനും ഉള്‍പ്പെടുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അസോഷ്യേറ്റഡ് ജേണല്‍സിന്റെ വകയായി കണ്ടുകെട്ടിയ വസ്തുവകകളുടെ മൊത്തത്തിലുള്ള മൂല്യം 752 കോടിയാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.'2002 ലെ പിഎംഎല്‍എ പ്രകാരം അന്വേഷിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടാന്‍ ഇഡി ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് ഇഡിയുടെ എക്‌സില്‍ പോസ്റ്റ് ചെയ്തത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ രാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്തു. നിസ്സാരമായ പകപോക്കല്‍ കൊണ്ടൊന്നും കോണ്‍ഗ്രസിനെയോ പ്രതിപക്ഷത്തെയോ പരാജയപ്പെടുത്താനാവില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളോ പണമിടപാടുകളോ ഇല്ലെന്നും കോണ്‍ഗ്രസ് പ്രസ്താവിച്ചു.

    കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരേ ബിജെപി മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് വിഷയം ശ്രദ്ധനേടിയത്. രാഹുല്‍ ഗാന്ധി ഡയറക്ടറായിരുന്ന യങ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്നാണ് ആരോപണം. മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എന്നിവരുള്‍പ്പെടെ എജെഎല്ലിന്റെ പല ഓഹരിയുടമകളും വിഷയത്തില്‍ സോണിയയ്ക്കും രാഹുലിനും എതിരായാണ് മൊഴി നല്‍കിയതായാണ് റിപോര്‍ട്ട്. 2014ലാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News