ബിജെപിയുടെ ചാക്കിട്ടുപിടിത്തം: സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി അസം കോണ്‍ഗ്രസ്

അടുത്ത മാസം 2ാം തിയ്യതിയാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ട് പിടിക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനു പിന്നില്‍.

Update: 2021-04-09 17:43 GMT

ഗുവാഹട്ടി: ബിജെപിയുടെ ഓപ്പറേഷന്‍ താമര ഭയന്ന് സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി അസം കോണ്‍ഗ്രസ്.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 22 പേരെയാണ് കോണ്‍ഗ്രസ് രാജസ്ഥാനിലെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. അടുത്ത മാസം 2ാം തിയ്യതിയാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ട് പിടിക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനു പിന്നില്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഫെയര്‍മോണ്ട് റിസോര്‍ട്ടിലേക്കാണ് നേതാക്കളെ സുരക്ഷിതമായി മാറ്റിയത്. തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നത് ബിജെപി പതിവാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് സുരക്ഷ വേണമെന്ന് തോന്നിയതെന്നും സുര്‍ജേവാല പ്രതികരിച്ചു.

അസമിലെ നേതാക്കളെ ജയ്പൂരില്‍ എത്തിച്ചതായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ എത്തുന്ന നേതാക്കളുടെ സുരക്ഷിതത്വം തങ്ങള്‍ ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി പ്രതികരിച്ചു. അവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണെന്നതോ എന്തിന് വേണ്ടിയാണ് ജയ്പൂരില്‍ വന്നത് എന്നതോ തങ്ങള്‍ക്ക് അറിയില്ല. അവര്‍ ഏകദേശം 20 പേരാണ് ഉളളത്. അവരുടെ ചിലവ് കോണ്‍ഗ്രസ് വഹിക്കും. കേന്ദ്രത്തില്‍ ബിജെപി ഉള്ളിടത്തോളം കാലം എംഎല്‍എമാരെ പണം നല്‍കി വാങ്ങാനുളള സാധ്യത ഉണ്ടെന്നും മഹേഷ് ജോഷി പറഞ്ഞു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടമായാണ് അസം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയാണ് അസമിലെ ഭരണകക്ഷി. ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി മഹാജോട് എന്ന പേരില്‍ മഹാസഖ്യമായാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Tags:    

Similar News