ബിന്ദു അമ്മിണിക്കു നേരെ ആക്രമണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പോലിസ് ഭാഷ്യം. സംഭവത്തില്‍ വെള്ളയില്‍ പോലിസ് കേസെടുത്തു.
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകയും ആക്റ്റീവിസ്റ്റും കോഴിക്കോട് ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കു നേരെ വീണ്ടും ആക്രമണം. ക്രൂരമായ ആക്രമണത്തിന് പിന്നില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകനാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍വെച്ച് ഇന്ന് വൈകീട്ടാണ് സംഭവം. കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ വെള്ളിമാട്കുന്നിലെ ലോ കോളജില്‍ നിന്ന് കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകള്‍ക്കൊപ്പം കാറില്‍ ബീച്ചിന് സമീപമെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അഭിഭാഷകന്‍ സ്ഥലത്തില്ലാത്തതിനാല്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് കുറച്ചാളുകള്‍ ഇവരുടെ കാര്‍ തടഞ്ഞത്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകരുതെന്ന് കരുതി കൂടെയുണ്ടായിരുന്ന സ്ത്രീകളെ ബിന്ദു അമ്മിണി പറഞ്ഞയച്ചു.
പിന്നീട് അക്രമികള്‍ ബിന്ദുവിന് നേരെ തിരിഞ്ഞു. ഒരാള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ മുണ്ട് അഴിഞ്ഞുപോയിട്ടും അക്രമി പിന്മാറിയില്ല. ഫുട്പാത്തിന് സമിപത്തേക്ക് തള്ളിയിട്ടതോടെ ബിന്ദു അമ്മണിയുടെ തല കോണ്‍ക്രീറ്റ് സ്ലാബിനിടിച്ചു. കഴുത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്തു.
അക്രമിക്ക് പരിക്കില്ലെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിന് ശേഷം താന്‍ വീട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഈ സംഭവങ്ങള്‍ സമീപത്തുള്ള ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് വെള്ളയില്‍ പോലിസില്‍ പരാതി നല്‍കി. ഒരാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പോലിസ് ഭാഷ്യം. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പോലിസ് അറിയിച്ചു.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം നിരവധി തവണ ബിന്ദു അമ്മിണിക്കെതിരെ സംഘപരിവാറിന്റെ ആക്രമണമുണ്ടായിരുന്നു.
നേരത്തെ, കോഴിക്കോട് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചു വീഴ്ത്തിയിരുന്നു. മനപൂര്‍വ്വം ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് ബിന്ദു അമ്മിണി നല്‍കിയ പരാതിയില്‍ പറഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു ഇവര്‍.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. നേരത്തെ കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ പോലിസുകാര്‍ നോക്കി നില്‍ക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു.
അധികം വൈകാതെ, ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരുന്നു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ സംഭവത്തിലായിരുന്നു കേസ്.
Full View