മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ മുഖംമൂടി ധാരികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അക്രമികളെത്തിയത് ബൈക്കില്‍
മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസലി (25) നാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ മുഖംമൂടി ധാരികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനും, മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസലി (25) നാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്താണ് അക്രമം നടന്നത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം ചെലവഴിച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പിന്നാലെ മറ്റൊരു ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം നിലത്തു വീണ ഫൈസലിനെ കത്തി കൊണ്ടു തുടരെ തുടരെ കുത്തുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ എത്തിയ മൂന്നംഗസംഘം മുഖം മൂടി ധരിച്ചാണ് അക്രമം നടത്തിയത്. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫൈസല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സ്ഥലത്ത് വന്‍ പോലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.