നോയിഡയില്‍ യുവതിക്കെതിരായ കൈയേറ്റ ശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

Update: 2022-08-09 07:05 GMT

ന്യൂഡല്‍ഹി: നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ വച്ച് യുവതിയെ കൈയ്യേറ്റം ചെയ്ത ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. ഒളിവില്‍ പോയ ഇയാളെ മീററ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഓമാക്‌സിലെ പാര്‍ക്കിങ് ഏരിയയില്‍ മരങ്ങളും ചെടികളും നടുന്നതിനെ സംബന്ധിച്ച് നടന്ന വാക്കു തര്‍ക്കങ്ങള്‍ക്കിടേ യുവതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലിസ് കേസ് എടുത്തിരുന്നു. ഗുണ്ടാ നിയമ പ്രകാരമാണ് കേസെടുത്തത്.ഇതിന് പിന്നാലെ ത്യാഗിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനധികൃതമായി നിര്‍മ്മിച്ച വീട് പൊളിച്ച് നീക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം, ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കി.

ശ്രീകാന്ത് ത്യാഗി താന്‍ ബിജെപിയുമായി ബന്ധപ്പെട്ട കിസാന്‍മോര്‍ച്ചാ നേതാവാണെന്ന് അവകാശപ്പെടുകയും നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍ യുവതിയെ അപമാനിച്ച സംഭവം വിവാദമായതോടെ ത്യാഗിയെ പാര്‍ട്ടി കൈവിട്ടിരിക്കുകയാണ്.ത്യാഗി പാര്‍ട്ടി അംഗമല്ലെന്ന നിലപാടാണ് ബിജെപിയെടുത്തിരിക്കുന്നത്.

Tags:    

Similar News