ന്യൂഡല്‍ഹി: ബാബരിമസ്ജിദ് കേസില്‍ വിശ്വഹിന്ദു പരിഷത്തുമായും ബാബരി മസ്ജിദ് മൂവ്‌മെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായും മധ്യസ്ഥ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ അന്തരിച്ചു. ബീഹാര്‍ സ്വദേശിയായ ആചാര്യ കിഷോര്‍ കുണാല്‍(74) ആണ് ഹൃദയാഘാതം മൂലം ഞായറാഴ്ച്ച രാവിലെ മരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 1989 മുതല്‍ 1996 വരെയാണ് കുണാല്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്. വി പി സിങ്, ചന്ദ്രശേഖര്‍, പി വി നരസിംഹ റാവു തുടങ്ങി മൂന്നു പ്രധാനമന്ത്രിമാരുമായാണ് കുണാല്‍ സ്ഥിരമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.
ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കുണാല്‍ 2001ല്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. തുടര്‍ന്ന് അയോധ്യയുമായി ബന്ധപ്പെട്ട് രണ്ടു പുസ്തകങ്ങളും എഴുതി. ഇതില്‍ ഒരു പുസ്തകം അയോധ്യയില്‍ രാമക്ഷേത്രം പണിയണം എന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചക്ക് നിന്ന വ്യക്തി ഒരു പക്ഷത്തിന്റെ കൂടെ നിന്നത് വലിയ ചര്‍ച്ചയായിരുന്നു. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ബിഹാറില്‍ ക്ഷേത്ര ഉദ്ധാരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.