അയോധ്യ വിധി 'ഞങ്ങള്‍ക്ക് അനുകൂല'മായത് ബിജെപി കേന്ദ്രത്തിലുള്ളതിനാലെന്ന് ബിജെപി എംപി
മന്‍സുഖ് വാസവ എംപി മാപ്പ് പറയണമെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി
ഭറൂച്: അയോധ്യ കേസില്‍ വിധി ഞങ്ങള്‍ക്ക് അനുകൂലമായത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലുള്ളതിനാലാണെന്ന് ഗുജറാത്തിലെ ഭറൂചില്‍ നിന്നുള്ള ബിജെപി എംപി മന്‍സുഖ് വാസവ. വ്യാഴാഴ്ച വൈകീട്ട് ഭറൂച് ടൗണിലെ ബിജെപി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മന്‍സുഖ് വാസവയുടെ വിവാദ പരാമര്‍ശം. 'രാമജന്മഭൂമി പ്രശ്‌നം വളരെ പഴക്കമുള്ളതാണ്. വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തന്നെ രാമജന്മഭൂമി പ്രസ്ഥാനം ഉണ്ടായിരുന്നു. നിരവധി പേര്‍ അതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. പലരും ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളതിനാലാണ് സുപ്രിംകോടതി തങ്ങള്‍ക്ക് അനുകൂലമായ വിധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് തന്നെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. ഇതോടെ, മന്‍സുഖ് വാസവ എംപി മാപ്പ് പറയണമെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പരാമര്‍ശം അപലപനീയമാണെന്നും ഭറൂച് കോണ്‍ഗ്രസ് പ്രസിഡന്റ് പരിമള്‍ സിന്‍ഹ് റാണ പറഞ്ഞു. പ്രസംഗം വിവാദമായതോടെ മന്‍സുഖ് വാസവ മലക്കംമറിഞ്ഞു. വിധി വന്ന ശേഷം ക്രമസമാധാനപാലനം കൈകാര്യം ചെയ്ത ബിജെപി സര്‍ക്കാരിന്റെ രീതിയെക്കുറിച്ചാണ് താന്‍ പരാമര്‍ശിച്ചതെന്നായിരുന്നു മന്‍സുഖ് വാസവ എംപിയുടെ വിശദീകരണം. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ബിജെപിയല്ല ഭരിക്കുന്നതെങ്കില്‍ എന്താവുമായിരുന്നു അവസ്ഥയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവും. പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെടും. പക്ഷേ, ബിജെപി അധികാരത്തിലിരിക്കുന്നതിനാല്‍ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല. വിധി വന്ന ശേഷം സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തിയതിനും ബിജെപി സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മന്‍സുഖ് വാസവ എംപി പറഞ്ഞു.