മദ്‌റസകള്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിങ് താക്കൂറിനെയോ വളര്‍ത്തുന്നില്ല: അസംഖാന്‍
രാംപൂര്‍: രാജ്യത്തെ മദ്‌റസകളില്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിങ് താക്കൂറിനെയോ വളര്‍ത്തുന്നില്ലെന്നു എസ്പി നേതാവും പാര്‍ട്ടി എംപിയുമായ അസം ഖാന്‍. മദ്‌റസകളെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന മോദി സര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്‌റസകള്‍ ഒരിക്കലും നാഥുറാം വിനായക് ഗോഡ്‌സെയെ പോലുള്ളവരെയോ പ്രജ്ഞാസിങ് താക്കൂറിനെപ്പോലെയുള്ള ജനാധിപത്യ വിരുദ്ധരെയോ വളര്‍ത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാസിങ് താക്കൂറിനെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അസംഖാന്റെ പ്രതികരണം.
മദ്‌റസയില്‍ ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ മുഖ്യധാരാ വിദ്യാഭ്യാസ രംഗത്തേക്ക് മദ്‌റസകളെ ഉയര്‍ത്താന്‍ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ നിലവില്‍ മദ്‌റസകള്‍ ഇത്തരം വിദ്യാഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. അഥവാ നിലവാരം ഉയര്‍ത്തണമെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ഫര്‍ണിച്ചറുകള്‍ നല്‍കുകയും ഉച്ചഭക്ഷണം ഏര്‍പ്പാടാക്കുകയും ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം സമുദായത്തെ അനുനയിപ്പിക്കാനാണ് ന്യൂനപക്ഷ മന്ത്രാലയം മദ്‌റസകളെ ആധുനികവല്‍കരിക്കുമെന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നതെന്ന വിമര്‍ശനവും ശക്തമാണ്.