സമാജ്‌വാദി പാര്‍ട്ടി എംപി അസം ഖാന്റെ ഭാര്യ പത്തു മാസത്തിന് ശേഷം ജയില്‍മോചിതയായി

കേസില്‍ കോടതിജാമ്യം അനുവദിച്ചതോടെയാണ് നിയമസഭാംഗമായ തന്‍സീന്‍ ഫാത്തിമയുടെ ജയില്‍മോചനം സാധ്യമായത്.

Update: 2020-12-23 06:10 GMT

ലഖ്‌നൗ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പത്തുമാസമായി സീതാപൂര്‍ ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി എംപി മുഹമ്മദ് അസം ഖാന്റെ ഭാര്യ തന്‍സീന്‍ ഫാത്തിമ മോചിതയായി. കേസില്‍ കോടതിജാമ്യം അനുവദിച്ചതോടെയാണ് നിയമസഭാംഗമായ തന്‍സീന്‍ ഫാത്തിമയുടെ ജയില്‍മോചനം സാധ്യമായത്. സര്‍ക്കാര്‍ കോളജില്‍ പ്രഫസറായിരുന്നതാന്‍ നേരം ഇരുട്ടിവെളുത്തപ്പോഴേക്കും കുറ്റവാളിയായി മുദ്രകുത്തപ്പെട്ടതായി തിങ്കളാഴ്ച രാത്രി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തന്‍സീന്‍ ഫാത്തിമ പറഞ്ഞു.

ഖാന്‍ കുടുംബം പത്തുമാസമായി ജയിലില്‍ കഴിയുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 26നാണ് അവര്‍ കോടതിയില്‍ കീഴടങ്ങിയത്. തന്‍സീന്‍ ഫാത്തിമയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലും കോടതി ജാമ്യം അനുവദിച്ചു. നൂറിലധികം കേസുകള്‍ നേരിടുന്ന അസം ഖാന്‍ എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ തുടരേണ്ടി വരും.

അബ്ദുല്ല വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന കേസിലാണ് മൂവരെയും കോടതി ജയിലിലടച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കവെ അബ്ദുല്ല വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേര്‍ക്കുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് സ്ഥലങ്ങളില്‍ നിന്നായി അബ്ദുല്ല രണ്ട് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. ബിജെപി നേതാവ് അകാഷ് സക്‌സേനയായിരുന്നു അബ്ദുല്ലയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.

വ്യജ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി അസം ഖാനും ഭാര്യയും മകനെ സഹായിച്ചെന്നും ബിജെപി നേതാവ് പരാതിയില്‍ ആരോപിച്ചിരുന്നു. ഒരു സര്‍ട്ടിഫിക്കറ്റ് ലഖ്‌നൗവില്‍ നിന്നും മറ്റൊന്ന് രാംപൂരില്‍ നിന്നും അബ്ദുല്ല സ്വന്തമാക്കിയെന്നായിരുന്നു ആരോപണം. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാന്‍കാര്‍ഡും വിദേശ യാത്രകളും നടത്തിയിരുന്നെന്നും പരാതയിലുണ്ടായിരുന്നു.

Tags:    

Similar News