മം​ഗളൂരുവിൽ പബ്ബിൽ ബജ്റം​ഗ് ദൾ ആക്രമണം; പരാതി ലഭിച്ചില്ലെന്ന് പോലിസ്

തിങ്കളാഴ്‌ച രാത്രി ബൽമട്ട റോഡിലെ റീസൈക്കിൾ പബ്ബിൽ എത്തിയ ബജ്‌റംഗ് ദൾ അകത്ത് പാർട്ടിയിൽ പങ്കെടുത്ത 30-ഓളം വിദ്യാർഥികളുടെ പ്രായം തെളിയിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Update: 2022-07-27 04:52 GMT

മം​ഗളൂരു: പബ്ബിൽ വിദ്യാർഥികൾ കയറിയെന്നാരോപിച്ച് മംഗളൂരുവിലെ പബ്ബിൽ ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. സംഭവത്തെ തുടർന്ന് പബ്ബിൽ പോലിസ് സുരക്ഷ വർധിപ്പിച്ചു. ബജ്റം​ഗ് ദൾ പ്രവർത്തകർക്കെതിരേ പബ് മാനേജ്‌മെന്റ് രംഗത്തെത്തി. എന്നാൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് സുരക്ഷ വർധിപ്പിച്ചതെന്ന് സിറ്റി പോലിസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

തിങ്കളാഴ്‌ച രാത്രി ബൽമട്ട റോഡിലെ റീസൈക്കിൾ പബ്ബിൽ എത്തിയ ബജ്‌റംഗ് ദൾ അകത്ത് പാർട്ടിയിൽ പങ്കെടുത്ത 30-ഓളം വിദ്യാർഥികളുടെ പ്രായം തെളിയിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിന്നാലെ വിദ്യാർഥികൾക്ക് നേരേ അധിക്ഷേപം ചൊരിയുകയായിരുന്നു. ഇതുവരെ പബ്ബിനുള്ളിൽ ഒരു വിദ്യാർഥിയും ആക്രമിക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി.

വിദ്യാർഥികളെ അധിക്ഷേപിക്കുകയും സ്ഥലം വിടാൻ നിർബന്ധിക്കുകയും ചെയ്ത ബജറം​ഗ് ദൾ പ്രവർത്തകർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് മുനീർ കാട്ടിപ്പള്ള പറഞ്ഞു. പാർട്ടി ന‌ടത്തിയ വിദ്യാർഥികൾക്കുനേരെ ആക്രമണമുണ്ടായെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. പെൺകുട്ടികളെ അപമാനിക്കുകയും പാർട്ടിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തെന്ന് അവർ ആരോപിച്ചു. 

Similar News