ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; 40 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു, മോഷ്ടാക്കള്‍ കടിച്ച കുക്കുമ്പര്‍ കണ്ടെത്തി

Update: 2024-12-18 14:17 GMT

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യൂണിയന്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം. നാല്‍പത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ബാങ്കിന്റെ തൊട്ടടുത്തുള്ള മാര്‍ബിള്‍ പോളിഷിങ് സ്ഥാപനത്തിന്റെ ഉള്ളില്‍ കടന്ന മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് അറിയിച്ചു. ആറ് ലോക്കറുകള്‍ തുറന്നാണ് പണവും ആഭരണവും മറ്റു വിലകൂടിയ വസ്തുക്കളും കവര്‍ന്നിരിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാന്‍ മാനേജര്‍ എത്തിയപ്പോഴാണ് മോഷണം നടന്നകാര്യം അറിഞ്ഞത്. തുടര്‍ന്ന് കൊസാംബ പോലിസില്‍ അറിയിച്ചു. എസ്പി ഹിതേഷ് ജോയ്‌സര്‍ തുടങ്ങിയവര്‍ ബാങ്കില്‍ എത്തി പരിശോധന നടത്തി. ലോക്കര്‍ ഉടമകളെ മോഷണത്തെ കുറിച്ച് വിവരമറിയിച്ചിട്ടുണ്ട്.

മോഷ്ടാക്കള്‍ ഉപേക്ഷിച്ച കുക്കുമ്പര്‍, ആപ്പിള്‍, കട്ടര്‍ മഷീന്‍, ഗ്ലാസ് എന്നിവ പോലിസ് കണ്ടെടുത്തു. മൂന്നിലധികം പേര്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലിസ് അനുമാനിക്കുന്നത്. കൊള്ളക്ക് ശേഷം തളര്‍ന്ന മോഷ്ടാക്കള്‍ ഭക്ഷണവും കഴിച്ച ശേഷമാണ് തിരികെ പോയിരിക്കുന്നത്.

മാര്‍ബിള്‍ പോളിഷിങ് സ്ഥാപനത്തില്‍ ജോലിയെടുത്തിരുന്നവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ ഉള്‍പ്പെടാത്തതിനാല്‍ പരമ്പരാഗത രീതിയിലാണ് അന്വേഷണം നടക്കുന്നത്. ബാങ്കുമായും പ്രദേശവുമായും പരിചയമുള്ള ഒരാള്‍ സംഘത്തിലുണ്ടാവുമെന്നാണ് പോലിസ് അനുമാനം. ലോക്കര്‍ ഉടമകളായ ചിലര്‍ നാട്ടില്‍ ഇല്ലെന്നും അവര്‍ എത്തിയാല്‍ മാത്രമേ മോഷണത്തിന്റെ വ്യാപ്തി മനസിലാക്കാനാവൂയെന്നാണ് പോലിസ് പറയുന്നത്. കുക്കുമ്പറും ആപ്പിള്‍ കഷ്ണങ്ങളും ഡിഎന്‍എ പരിശോധനക്ക് അയക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.

Similar News