വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ രാജ് കര്‍ണാടകയിലും നടപ്പാക്കുമെന്ന് ബസവരാജ് ബൊമ്മെ

സാഹചര്യം ആവശ്യപ്പെട്ടാല്‍ യോഗി ആദിത്യനാഥ് മോഡല്‍ ഭരണം കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.

Update: 2022-07-28 17:53 GMT

ബംഗളൂരു: വര്‍ഗീയ ശക്തികളെ നേരിടാന്‍ വേണ്ടിവന്നാല്‍ യോഗി ആദിത്യനാഥ് യുപിയില്‍ നടപ്പിലാക്കിയ ബുള്‍ഡോസര്‍ രാജ് കര്‍ണാടകത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ യോഗി ആദിത്യനാഥ് മോഡല്‍ ഭരണം കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊെൈമ്മ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപിസംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡല്‍ ഭരണം നിലവില്‍ വരണമെന്ന ഇവരുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തര്‍പ്രദേശില്‍ നടക്കുന്ന മുസ്‌ലിം ചെറുത്തുനില്‍പ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച ബുള്‍ഡോസര്‍ നടപടി പോലെയുള്ള ഭീകര നടപടികളെയാണ് യോഗി മോഡല്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ സമാനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം.

ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം പാര്‍ട്ടിക്കുള്ളില്‍ തന്നെ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവ പ്രവര്‍ത്തകരില്‍ പലരും രാജി പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നേതൃത്വത്തിനും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും കഴിയില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

Similar News