മാസ്‌ക് ധരിക്കാത്തതിന് കൈകാലുകളില്‍ ആണിയടിച്ചെന്ന ആരോപണം നിഷേധിച്ച് യുപി പോലിസ്
യുവാവിനെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു
ബറേലി(യുപി): കൊവിഡ് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവാവിന്റെ കൈയ്ക്കും കാലിനും ആണികള്‍ അടിച്ചുകയറ്റിയെന്ന ആരോപണം നിഷേധിച്ച് പോലിസ്. കൊവിഡ് കാലത്തെ പോലിസിന്റെ ക്രൂരത ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയതോടെയാണ് വിശദീകരണവുമായി യുപി പോലിസ് രംഗത്തെത്തിയത്. രഞ്ജിത് എന്നയാള്‍ മാതാവിനോടൊപ്പം കൈയിലും കാലിലും നഖങ്ങളിലും മറ്റും പരിക്കേല്‍പ്പിച്ച് ബരാദാരി സ്‌റ്റേഷനിലെത്തി പോലിസിനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ബറേലി എസ്എസ്പി രോഹിത് സിങ് സജ്‌വാന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബരാദാരി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി സ്വയം പരിക്കേല്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പോലിസില്‍ നിന്ന് സ്വയം രക്ഷപ്പെടാനാണ് അദ്ദേഹം ഈ നാടകം ചെയ്തത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നു അന്വേഷണത്തില്‍ കണ്ടെത്തിയതായും സജ്‌വാന്‍ പറഞ്ഞു.
ജോഗി നവാദ നിവാസിയായ രഞ്ജിത്തിനെതിരേ മെയ് 24 ന് പോലിസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും എസ്എസ്പി അറിയിച്ചു. ഐപിസി സെക്ഷന്‍ 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കല്‍), 504 (സമാധാനം ലംഘിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വ്വം അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 332 (കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 353 (ആക്രമിക്കല്‍), 188 (പൊതുസേവകന്‍ കൃത്യനിര്‍വഹണത്തെ എതിര്‍ക്കല്‍), 270 (ജീവന് അപകടകരമായ രോഗം പടരാന്‍ സാധ്യതയുള്ള മാരകമായ പ്രവര്‍ത്തനം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിന് ശേഷം യുവാവിനെ കാണാനില്ലെന്നും പോലിസ് അന്വേഷിക്കുകയാണെന്നും എസ്എസ്പി പറഞ്ഞു. ചൊവ്വാഴ്ച രാത്രി പോലിസ് രഞ്ജിത്തിന്റെ വീട്ടിലേക്ക് പോയെങ്കിലും യുവാവിനെ അവിടെ കണ്ടെത്താനായില്ല. ഒരു ക്ഷേത്രത്തില്‍ക്കയറി വിഗ്രഹങ്ങള്‍ക്ക് കേടുപാട് വരുത്തിയെന്ന കേസില്‍ 2019ല്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലിസ് വ്യക്തമാക്കി.