ആപ്പ് കൊണ്ട് ആപ്പിലാക്കി ബൈജൂസ്; ജീവനക്കാര്‍ക്ക് അമിത ജോലിഭാരം, രക്ഷിതാക്കളെ കടക്കെണിയിലാക്കി
മികച്ച ഓണ്‍ലൈന്‍ പഠനവും മികച്ച അധ്യാപകരുടെ സേവനവും ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ന്യൂഡല്‍ഹി: മഹാമാരിയായ കൊവിഡ് ലോകത്തെ സേവന-വിപണന മേഖലകളുടെ നട്ടെല്ല് ഒടിച്ചപ്പോള്‍ പോറല്‍ ഏല്‍ക്കാതെ നിന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്പുകളായിരുന്നു. ഇതില്‍തന്നെ മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പായിരുന്നു വന്‍ നേട്ടമുണ്ടാക്കിയത്. കുറഞ്ഞ കാലയളവില്‍ 60 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയാണ് ബൈജൂസ് ആപ്പ് സ്വദേശത്തും വിദേശത്തും സ്വന്തമാക്കിയത്.
എന്നാല്‍, ബൈജൂസ് ആപ്പിനെതിരേ നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക തുടങ്ങി നിരവധി പരാതികളാണ് രക്ഷിതാക്കളില്‍നിന്നും മുന്‍ ജീവനക്കാരില്‍നിന്നും ഇപ്പോള്‍ ഉയരുന്നത്. പ്രമുഖ വാര്‍ത്താ ചാനലായ ബിബിസി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ബൈജൂസ് ആപ്പിന്റെ തരികിടകള്‍ അക്കമിട്ട് നിരത്തുന്നത്.
കൊവിഡിനെതുടര്‍ന്ന് ലോകമാസകലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടുകയും ചെയ്തതോടെ കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് ചേക്കേറിയിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയതിനെതുടര്‍ന്ന് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഉടലെടുത്ത ആശങ്കയെ ആണ് ബൈജൂസ് ആപ്പ് മുതലെടുത്തത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടെയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചത്. മികച്ച ഓണ്‍ലൈന്‍ പഠനവും മികച്ച അധ്യാപകരുടെ സേവനവും ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടികളുടെ പഠനത്തിന് സഹായകമാകുമെന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കള്‍ ബിബിസിയോട് പറഞ്ഞു.
വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകാതിരുന്നതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി മുന്നോട്ട് വന്നത്. റീഫണ്ട്, സേവനം തുടങ്ങിയവയില്‍ ആപ്പ് ഒളിച്ചുകളിക്കുകയാണെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം.
2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന്‍ സക്കന്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയത്. അമേരിക്കന്‍ കമ്പനികളായ ടിഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രക്ഷിതാക്കളെ നിരന്തരം ബന്ധപ്പെട്ട് ആപ്പ് വാങ്ങിപ്പിക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം.
എന്നാല്‍, പറഞ്ഞ സേവനങ്ങള്‍ നല്‍കാതായതോടെ റീഫണ്ടുമായി ബന്ധപ്പെട്ട് വിളിച്ചാല്‍ സെയില്‍സ് ഏജന്‍ുമാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും നിരവധി രക്ഷിതാക്കള്‍ ആരോപിച്ചു. ആപ്പിന്റെ സെയില്‍സ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഫോണ്‍വിളികള്‍ രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും ഇതവരെ കടബാധിതരാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.
കൂടാതെ കമ്പനി മാനേജ്‌മെന്റ് മുന്നോട്ട് വയ്ക്കുന്ന ഭീമമായ ടാര്‍ഗറ്റില്‍ എത്തിക്കുന്നതിന് ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നും അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചെന്നും നിരവധി മുന്‍ ജീവനക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്.
ആപ്പ് വാങ്ങാന്‍ സാധ്യതയുള്ള ഉപഭോക്താവുമായി 120 മിനിറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നല്‍കില്ലെന്നും മുന്‍ ജീവനക്കാര്‍ ബിബിസിയോട് വെളിപ്പെടുത്തി.
എന്നാല്‍ ഈ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. തങ്ങളുടെ ഉല്‍പന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്ത രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഇത് വാങ്ങാന്‍ തയാറാകുന്നതെന്ന് ബൈജൂസ് അധികൃതര്‍ പറഞ്ഞു.
എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും കൃത്യമായ ടാര്‍ഗറ്റുകളുണ്ടാകും. തങ്ങളും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ പരിശീലനവും നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
രക്ഷിതാക്കളോടോ വിദ്യാര്‍ഥികളോടോ ജീവനക്കാര്‍ മോശമായി പെരുമാറുന്നില്ല. അത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ പല ഉപഭോക്തൃ കോടതികളിലും കേസുകള്‍ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങള്‍ നല്‍കാത്തതും സംബന്ധിച്ച പരാതികളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികള്‍ ഉത്തരവിട്ടിരുന്നു.