'ഗുജറാത്ത് കലാപത്തില്‍ മോദിക്ക് നേരിട്ട് ഉത്തരവാദിത്തം'; ബ്രിട്ടൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

Update: 2023-01-24 12:17 GMT

ന്യൂഡൽഹി: ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ബിബിസിയുടെ വിവാദമായ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം പുറത്തുവരാനിരിക്കെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വെളിച്ചം കാണുന്നത്. 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.




 ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് കരുതുന്ന ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ഉണ്ടായില്ലെങ്കിലും മുസ്‌ലിം വംശഹത്യ ഉണ്ടാകുമായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തുന്നു. 'കാരവന്‍' മാഗസിനാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടത്.

സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ് ഗുജറാത്ത് കലാപമെന്ന് കമ്മീഷൻ കണ്ടെത്തുന്നു. സർക്കാരിന്റെ സഹായമില്ലാതെ വിഎച്ച്പിക്ക് ഇത്ര വ്യാപകമായ ആക്രമണം അഴിച്ചുവിടാൻ സാധിക്കില്ലായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

പോലിസും ഭരണകൂടവും കലാപത്തിന് കുട്ടുനിന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയത്. കലാപത്തില്‍ മോദിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു

ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് താമസിക്കുന്ന പ്രദേശത്തുനിന്ന് മുസ്‌ലിംകളെ തുരത്തുകയായിരുന്നു കലാപത്തിൻ്റെ ലക്ഷ്യം. ഇതിനായി മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും പട്ടിക കമ്പ്യൂട്ടറിൽ തയ്യാറാക്കിയാണ് ആക്രമം നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ന്യൂനപക്ഷക്കാരായ മുസ്‌ലിംകള്‍ക്ക് ഓഹരിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയുടെ കൃത്യതയും വിശദാംശങ്ങളും അവ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് അടിവരയിടുന്നു'. 'മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന്' പറയുന്ന റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടലിനെക്കുറിച്ചും പറയുന്നു.

അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു: 'മുസ്‌ലിം വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമിടാന്‍ കലാപകാരികള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ പട്ടിക ഉപയോഗിച്ചതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. 'സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഭയപ്പെടാനില്ലാത്ത അന്തരീക്ഷം കൂടാതെ, അവര്‍ക്ക് ഇത്രയധികം നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ഇതിനെല്ലാം നേരിട്ടുള്ള ഉത്തരവാദി. രാഷ്ട്രീയ നേട്ടങ്ങള്‍ വിലയിരുത്തി മാത്രമുള്ളതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 1995ല്‍ അധികാരത്തില്‍ വന്നതിനുശേഷം പിന്തുടര്‍ന്ന ബിജെപിയുടെ ഹിന്ദു ദേശീയവാദ അജണ്ടയുടെ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍, വിഎച്ച്പിയുടെ പ്രത്യയശാസ്ത്ര പ്രചോദനത്തില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹം.

ഗുജറാത്തിലെ മാധ്യമങ്ങള്‍ കലാപം ആളിക്കത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നുണ്ട്. മുസ്ലീം വിരുദ്ധത ആളിക്കത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. പ്രാദേശിക പത്രങ്ങള്‍ കലാപത്തിന് സഹായം ചെയ്തതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 130 പേരില്‍ പകുതിയിലേറെ മുസ്ലീങ്ങളായിരുന്നു. 2000 പേര്‍ കലാപത്തില്‍ മരിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ നിഗമനം. ദുരിതാശ്വസ നടപടികളിലും സര്‍ക്കാര്‍ വീഴ്ച വരുത്തി- റിപ്പോർട്ട് പറയുന്നു.

റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് ആക്രമണത്തിന്റെ വ്യാപ്തി. കുറഞ്ഞത് 2000 പേരെങ്കിലും കലാപത്തില്‍ കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിനിരയായി. 138,000 പേരാണ് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്.

കലാപം നടന്ന പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍, ഡിജിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്.

മുസ്ലീങ്ങള്‍ നടത്തിയിരുന്ന വ്യാപാര സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ പോലും മുസ്ലീങ്ങളുടെ കച്ചവടങ്ങള്‍ മാത്രമായിരുന്നു അഗ്‌നിക്കിരയാക്കപ്പെട്ടതെന്ന് പോലീസ് അഡിഷണല്‍ കമ്മീഷണറെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് പുറമെ അഞ്ച് സംസ്ഥാന മന്ത്രിമാരും ആദ്യ ദിവസം കലാപത്തില്‍ പങ്കെടുത്തതായുള്ള ദൃക്സാക്ഷികളുടെ മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുജറാത്തി പ്രാദേശിക പത്രങ്ങളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News