ഹിജാബ് നിരോധനത്തിന് മുന്നില്‍നിന്ന ബി സി നാഗേഷിന് നാണംകെട്ട തോല്‍വി
2008ല്‍ ഇവിടെ ജയിച്ച നാഗേഷില്‍നിന്ന് 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു.
ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിന് ചുക്കാന്‍ പിടിച്ച കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന് വന്‍ തോല്‍വി. കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം നടപ്പാക്കുകയും സംസ്ഥാനത്തെ മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്ത നേതാവാണ് ബി.സി നാഗേഷ്. തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ കെ. ഷദാക്ഷരിയാണ് 17,652 വോട്ടിന് തോല്‍പിച്ചത്. ഷദാക്ഷരി 71999 വോട്ട് നേടിയപ്പോള്‍ നാഗേഷിന് ലഭിച്ചത് 54347 വോട്ടാണ്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ശാന്തകുമാരക്ക് 25811 വോട്ട് ലഭിച്ചു.
2008ല്‍ ഇവിടെ ജയിച്ച നാഗേഷില്‍നിന്ന് 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. 2018ല്‍ മണ്ഡലത്തില്‍നിന്ന് വീണ്ടും വിജയം നേടിയ നാഗേഷ് 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.
ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ് ലിം വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കളഞ്ഞ കര്‍ണാടക ഹൈകോടതി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ വസ്ത്രത്തിനുമേല്‍ ഏര്‍പ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും ശരിവെച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.