ബീഡിലെ മക്ക മസ്ജിദിലെ സ്‌ഫോടനം തീവ്രവാദ പ്രവര്‍ത്തനമെന്ന് പോലിസ്; രണ്ടു ഹിന്ദുത്വര്‍ക്കെതിരെ യുഎപിഎ ചുമത്തി; പ്രതികള്‍ കൂടുതല്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ വാങ്ങിയതായും കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മുസ്‌ലിം പള്ളിയില്‍ ജെലാറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ രണ്ടു ഹിന്ദുത്വര്‍ക്കെതിരെ യുഎപിഎ ചുമത്തി. കേസില്‍ നേരത്തെ തന്നെ അറസ്റ്റിലായ വിജയ് ഗവാനെ, ശ്രീറാം സഗാതെ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നു എന്ന റിപോര്‍ട്ട് പോലിസ് കോടതിയില്‍ നല്‍കിയെന്ന് എസ്പി നവനീത് കന്‍വാത്ത് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. യുഎപിഎയിലെ പതിനഞ്ചാം വകുപ്പ്(തീവ്രവാദ പ്രവൃത്തി), പതിനെട്ടാം വകുപ്പ്(ഗൂഡാലോചന) എന്നിവയാണ് പുതുതായി ചുമത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 113ാം വകുപ്പ് നേരത്തെ തന്നെ ചുമത്തിയിരുന്നതായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ശെയ്ഖ് പറഞ്ഞു.
ആദ്യമായാണ് ബീഡ് പോലിസ് ഒരു കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തുന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ശെയ്ഖ് പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് അവര്‍ ചെയ്ത കുറ്റത്തിന്റെ ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതികള്‍ കൂടുതല്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മറ്റേതെങ്കിലും ആരാധനാലയങ്ങളെ പ്രതികള്‍ ലക്ഷ്യം വച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ചെറിയ പെരുന്നാളിന് തലേദിവസം, മാര്‍ച്ച് 30ന് പുലര്‍ച്ചെയാണ് പള്ളിയില്‍ സ്‌ഫോടനം നടന്നത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഏപ്രില്‍ ഒന്നിന് ബന്ദ് നടത്തി. സംഭവത്തില്‍ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് എഐഎംഐഎം നേതാവും മുന്‍ എംപിയുമായ ഇംതിയാസ് ജലീല്‍ എസ്പിയെ കണ്ടിരുന്നു. ചെറിയ കേസുകളില്‍ പ്രതിയാവുന്ന മുസ്‌ലിംകളുടെ വീട് പൊളിക്കുന്ന പോലിസ് എന്തുകൊണ്ടാണ് ഇത്രയും ഗൗരവമുള്ള കേസില്‍ കാര്യമായ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. സംഭവത്തിന് മുമ്പ് പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പള്ളിയിലെ ജീവനക്കാരനായ ഷമ്മു പറഞ്ഞു. ആയുധ നിയമപ്രകാരം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഈ രണ്ടു ഹിന്ദുത്വരും.