ഭാരത് ജോഡോ യാത്ര; സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച നാളെ
കന്യാകുമാരി കടന്ന് ഭാരത് ജോഡോ യാത്ര പാറശ്ശാലയിലെത്തിയത് മുതല്‍ സൈബര്‍ ഇടത്തിലെ സിപിഎം അനുകൂല പ്രൊഫൈലുകള്‍ വലിയ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. 18 ദിവസം കേരളത്തില്‍ നടന്നാണോ ബിജെപിക്കെതിരേ യുദ്ധം നയിക്കുന്നത് എന്നായിരുന്നു ചോദ്യം.
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങലിലാണ് കൂടിക്കാഴ്ച. സിൽവർലൈൻ വിരുദ്ധ സമര സമിതിയാണ് രാഹുൽ ഗാന്ധിയെ കാണാൻ സന്നദ്ധത അറിയിച്ചത്. അവരുടെ പ്രശ്നങ്ങൾ ന്യായമാണെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതികൾ അടിച്ചേല്പിക്കരുതെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചതോടെ ബിജെപിയ്ക്ക് പിന്നാലെ യാത്രയെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തുവന്നു. കേരളത്തില്‍ 18 ദിവസവും യുപിയില്‍ രണ്ട് ദിവസം മാത്രവും നടക്കുന്ന യാത്ര ബിജെപിയെ നേരിടാനുള്ള വിചിത്രമായ വഴി എന്ന് സിപിഎം ട്വീറ്റ് ചെയ്തു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബാലിശമായ വിമര്‍ശനം എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. സിപിഎം ബിജെപിയുടെ എ-ടീം ആണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
കന്യാകുമാരി കടന്ന് ഭാരത് ജോഡോ യാത്ര പാറശ്ശാലയിലെത്തിയത് മുതല്‍ സൈബര്‍ ഇടത്തിലെ സിപിഎം അനുകൂല പ്രൊഫൈലുകള്‍ വലിയ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. 18 ദിവസം കേരളത്തില്‍ നടന്നാണോ ബിജെപിക്കെതിരേ യുദ്ധം നയിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സജീവമായി. പിന്നാലെയാണ് ഉച്ചയോടെ സിപിഎം ഔദ്യോഗികമായിത്തന്നെ ഭാരത് ജോഡോ യാത്രാ റൂട്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.
യാത്ര ബിജെപിയെ വിറളി പിടിപ്പിക്കുന്നു എന്ന അര്‍ഥത്തില്‍ ആര്‍എസ്എസിന്റെ പഴയ കാക്കി ട്രൗസര്‍ കത്തിത്തുടങ്ങിയ ചിത്രം രാവിലെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേ ബിജെപി രംഗത്ത് വരികയും ചിത്രം പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യാത്രയെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്ത് വന്നതോടെ കാക്കി ട്രൗസറിന്റെ പാതിയില്‍ ചുവപ്പും ചേര്‍ത്ത് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.