സഹാറന്‍പൂരില്‍ ഭീം ആര്‍മി പിന്തുണ കോണ്‍ഗ്രസിന്
ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം ഭീം ആര്‍മി സ്ഥാപകന്‍ ആസാദിനെ ബിജെപി ഏജന്റെന്ന് വിളിക്കുകയും ദലിത് വോട്ടുകള്‍ ഭിന്നിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു
സഹാറന്‍പൂര്‍: ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തെ വിഷമവൃത്തത്തിലാക്കി പശ്ചിമ യുപിയിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കാന്‍ ഭീം ആര്‍മിയുടെ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇംറാന്‍ മസൂദിനു ദലിത് സമുദായം വോട്ട് ചെയ്യണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം ഭീം ആര്‍മി സ്ഥാപകന്‍ ആസാദിനെ ബിജെപി ഏജന്റെന്ന് വിളിക്കുകയും ദലിത് വോട്ടുകള്‍ ഭിന്നിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റുകയായിരുന്നുവെന്ന് ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് രോഹിത് രാജ് ഗൗതം പറഞ്ഞു. 2017 മെയില്‍ ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കേസുകളില്‍ ഇംറാന്‍ മസൂദ് ഭീം ആര്‍മിയെ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയല്ല, ഇംറാന്‍ മസൂദിനെ വ്യക്തിപരമായാണ് പിന്തുണയ്ക്കുന്നത്. അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു.
ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തിനു വേണ്ടി ഫൈസുര്‍റഹ്മാനാണ് മല്‍സരിക്കുന്നത്. സിറ്റിങ് എംപി രാഘവ് ലഖന്‍പാലാണ് ബിജെപിക്കു വേണ്ടി ജനവിധി തേടുന്നത്. ഞായറാഴ്ച ദയൂബന്തില്‍ നടന്ന സംയുക്ത റാലിയില്‍ മുസ്‌ലിംകള്‍ ഫൈസുര്‍റഹ്മാനെ പിന്തുണയ്ക്കണമെന്നും വോട്ട് ഭിന്നിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. റാലിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ പോസ്റ്ററുകളുമായി നിരവധി ഭീം ആര്‍മി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചതോടെയാണ് മായാവാതിയും അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായെത്തിയത്. 2014ല്‍ സഹാറന്‍പൂരില്‍ ബിജെപിയുടെ ലഖന്‍പാല്‍ 4,27,999 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഇംറാന്‍ മസൂദ് 4,07,909 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. വെറും 20000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിനു സീറ്റ് നഷ്ടപ്പെട്ടത്. മണ്ഡലത്തില്‍ ആകെയുള്ള 1722580 വോട്ടര്‍മാരില്‍ ആറു ലക്ഷം മുസ്‌ലിംകളാണ്. മൂന്നുലക്ഷത്തോളം എസ്‌സി, എസ്ടി വിഭാഗക്കാരുണ്ട്. ഏപ്രില്‍ 11നു നടക്കുന്ന ഒന്നാംഘട്ടത്തിലാണ് സഹാറന്‍പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.