''കുട്ടിക്കാലത്ത് കാണാതായതിന് ശേഷം കുടുംബത്തില്‍ തിരിച്ചെത്തുന്ന ഭീം സിങ് കൊടും കുറ്റവാളി''; ഒമ്പത് കുടുംബങ്ങളെ വഞ്ചിച്ചു, നിരവധി മോഷണക്കേസുകളില്‍ പ്രതി, യഥാര്‍ത്ഥ പേര് ഇന്ദജ് മെഘ്‌വാള്‍
കുട്ടിക്കാലം മുതലേ കള്ളനും കുറ്റവാളിയുമാണ് ഇയാളെന്നും മകനെന്ന വ്യാജേനെ ഒമ്പത് കുടുംബങ്ങളെ വഞ്ചിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു.
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ഒമ്പത് വയസുള്ളപ്പോള്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഭീം സിങ്ങിനെ 30 വര്‍ഷത്തിന് ശേഷം കുടുംബത്തിന് തിരികെ കിട്ടിയെന്ന വാര്‍ത്ത രാജ്യമെമ്പാടും ചര്‍ച്ചയായിരുന്നു. വാര്‍ത്തകള്‍ക്കൊപ്പം വന്ന ചിത്രങ്ങള്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ആശാ ശര്‍മയുടെ വീട്ടില്‍ മോനു ശര്‍മയായി എത്തിയത് ഇയാള്‍ തന്നെയെന്നും തെളിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ യഥാര്‍ത്ഥ പേര് ഇന്ദ്രജ് മെഘ്‌വാള്‍ എന്നാണെന്ന് പോലിസ് വെളിപ്പെടുത്തി. കുട്ടിക്കാലം മുതലേ കള്ളനും കുറ്റവാളിയുമാണ് ഇയാളെന്നും മകനെന്ന വ്യാജേനെ ഒമ്പത് കുടുംബങ്ങളെ വഞ്ചിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു.
രാജസ്ഥാനിലെ ജയ്റ്റ്‌സര്‍ സ്വദേശിയാണ് ഇന്ദ്രജ് മെഘ്‌വാല്‍. കുട്ടിക്കാലം മുതലേ ഇയാള്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് പിതാവ് ചുന്നി ലാല്‍ പോലിസിനോട് പറഞ്ഞു. തൊട്ടടുത്ത കടകളില്‍ നിന്ന് പണം നല്‍കാതെ സാധനങ്ങള്‍ എടുക്കുകയും അയല്‍വാസികളുടെ വീടുകളില്‍ നിന്ന് ചോദിക്കാതെ പണം എടുക്കുകയും ചെയ്യുമായിരുന്നു. ബന്ധുക്കളെയും ഇയാള്‍ വെറുതെ വിട്ടില്ല. ഇന്ദ്രജ് എവിടെയെങ്കിലും ഒരു മിനുട്ട് നിന്നാല്‍ ചുറ്റുവട്ടത്തുള്ള പലതും കാണാതാവുമെന്നാണ് ഒരു അയല്‍വാസി പോലിസിനോട് പറഞ്ഞത്. 2001 ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു മുങ്ങി. മകന്‍ നന്നാവുമെന്ന ധാരണയില്‍ ആദ്യകാലത്ത് മകനെ അമ്മ സംരക്ഷിക്കുമായിരുന്നു. എന്നാല്‍, സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 2005ല്‍ വീട്ടില്‍ നിന്നും പുറത്താക്കി.
2010ല്‍ രാജസ്ഥാനിലെ ബിക്കാനറില്‍ ഒരു ഷൂട്ടിങ് റേഞ്ചില്‍ ഇയാള്‍ ക്ലീനറായി ജോലി ചെയ്തിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് ഒരു യൂണിഫോം മോഷ്ടിച്ചാണ് മുങ്ങിയത്. പിന്നീട് അങ്ങോട്ട് മോഷണങ്ങളുടെയും തട്ടിപ്പുകളുടെയും കാലമായിരുന്നു. രാജസ്ഥാനിലെ ഒരു ആട് ഫാമില്‍ 2021ല്‍ ഏതാനും മാസം ജോലിയുമെടുത്തു. അവിടെ ഫാം ഉടമയുടെ വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ടു. പക്ഷെ, പോലിസ് പിടികൂടി ജയിലില്‍ അടച്ചു. ആറുമാസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങി.
ഇതിന് ശേഷം രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയെന്നാണ് പോലിസ് പറയുന്നത്. 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടു പോവപ്പെട്ട കുട്ടിയാണ് താനെന്നും രക്ഷിതാക്കളെ കാണിച്ചുതരണമെന്നമായിരുന്നു ആവശ്യം. ഫയലുകള്‍ പരിശോധിച്ച പോലിസ് 20 വര്‍ഷം മുമ്പ് കുട്ടിയെ നഷ്ടപ്പെട്ട ആശാറാം എന്നയാളുടെ കുടുംബത്തെ കണ്ടെത്തി അവരുടെ കൂടെവിട്ടു. രാം പ്രതാപ് എന്ന പേരില്‍ രണ്ട് മാസം അവിടെ ജീവിച്ചു. തുടര്‍ന്ന് വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്തു മുങ്ങി.
2023ല്‍ രാജസ്ഥാനിലെ സിക്കാറിലെ ഗൗരം നായക് എന്നയാളുടെ മകനായി പങ്കജ് കുമാര്‍ എന്ന പേരില്‍ ജീവിച്ചു. 2005ല്‍ കാണാതായ മകന്‍ തിരികെ വന്നെന്നാണ് ഗൗരം നായിക് വിശ്വസിച്ചിരുന്നത്. ഇതിന് ശേഷം ഭത്തിന്ദ, ജയ്‌സാല്‍മര്‍, ഹിസാര്‍, സിര്‍സ തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി. വീട്ടില്‍ പാര്‍പ്പ് തുടങ്ങിക്കഴിഞ്ഞാല്‍ സ്വത്ത് വിവരങ്ങള്‍ ചോദിച്ചറിയും. കൂടുതല്‍ സ്വത്തുള്ള വീടാണെങ്കില്‍ കൂടുതല്‍ കാലം താമസിച്ച് അവ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
മനുഷ്യരുടെ ഭാവ-വികാരങ്ങള്‍ കൃത്യമായി മനസിലാക്കാനും വിലയിരുത്താനുമുള്ള ശേഷി ഇയാള്‍ക്കുണ്ടെന്ന് പോലിസ് പറയുന്നു. ഒരു പരിചയവുമില്ലാത്ത വീടുകളിലും പ്രദേശങ്ങളിലും ഇങ്ങനെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചെല്ലുന്ന വീടുകളിലെ എല്ലാവരുടെയും സംഭാഷണങ്ങളില്‍ നിന്നും ഭാവങ്ങളില്‍ നിന്നും സൂചനകളില്‍ നിന്നും ഇയാള്‍ തനിക്കുവേണ്ട കാര്യങ്ങള്‍ മനസിലാക്കും. ഇതാണ് ഇത്രയും കാലം നിരവധി പേരെ വഞ്ചിക്കാന്‍ ഇയാളെ സഹായിച്ചത്.