പട്‌ന: നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെയും ബിഹാറില്‍ കൊവിഡ് വ്യാപിക്കുന്നു. 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ടൈംസ് നൗ റിപോര്‍ട്ട് ചെയ്തു. പട്‌നയിലെ ബിജെപി ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 100 നേതാക്കളുടെയും ജീവനക്കാരുടെയും സാംപിളുകള്‍ ഇന്നലെ ശേഖരിച്ചിരുന്നു. ഇതിലാണ് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എംഎല്‍സി രാധാ മോഹന്‍ ശര്‍മ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കൊറോണ വ്യാപിക്കുന്നതിനിടെയും ബിജെപി നേതാക്കള്‍ ഒത്തുകൂടിയതാണ് ഇത്തരത്തില്‍ കൂട്ടത്തോടെ കൊവിഡ് ബാധിക്കാന്‍ കാരണമെന്നും റിപോര്‍ട്ടുകളുണ്ട്. ഗ്രാമീണ തൊഴില്‍ മന്ത്രി ശൈലേഷ് കുമാറിനു ഇന്നലെ കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തേ പിന്നാക്ക ക്ഷേമ മന്ത്രി വിനോദ് കുമാര്‍ സിങിനു ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ബിഹാറില്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 16 മുതല്‍ 31 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കങ്കര്‍ബാഗ്, മിതാപൂര്‍, രാജേന്ദ്ര നഗര്‍ എന്നീ മൂന്ന് മൊത്ത പച്ചക്കറി വിപണികള്‍ അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി ഉത്തരവിട്ടു.
Bihar: 75 BJP leaders found coronavirus positive