ബിഹാര്‍ ഡയറി 1: ഭാഗ്‌ഡോഗ്ര എയര്‍പ്പോര്‍ട്ടില്‍ നിന്ന് സീമാഞ്ചലിലെ ഗ്രാമങ്ങളിലൂടെ...

Update: 2022-01-24 05:28 GMT

-ആദിലാ ബാനു ടി

ഇന്ത്യ എന്ന മഹാരാജ്യത്തിന് പല മുഖങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശവും വ്യത്യസ്ത കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതുമാണ്. അതിന്റെ ഭൂമി ശാസ്ത്രവും സംസ്‌കാരവും ജീവിത രീതിയുമെല്ലാം. ഈ വൈചാത്യങ്ങളിലെ വൈവിധ്യവും കാരണമാണല്ലോ ഈ മഹാരാജ്യത്തെ സോവറിന്‍, സോഷ്യലിസ്റ്റ്, സെക്യുലര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നെല്ലാം വിളിക്കുന്നത്. ഇപ്പൊ ഇതെല്ലാം ശരിയായ രീതിയില്‍ പൗരന്മാര്‍ അനുഭവിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടങ്കിലും നമ്മള് ഈ പറഞ്ഞ പോലത്തെ രാജ്യം തന്നെയാണ് ഇന്ത്യ.


കേരളത്തില്‍ വളര്‍ന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ വിദൂര ദിക്കുകളിലെ ഗ്രാമപ്രദേശങ്ങളിലെ ജനജീവിതം , അവരുടെ സംസ്‌കാരം, അചാരങ്ങള്‍, മാനസികാവസ്ഥ, കാഴ്ചപ്പാട് എന്നിവയില്‍ ഞാന്‍ അത്രത്തോളം അറിവുള്ളവളായിരുന്നില്ല, ബീഹാറിലെ ഗ്രാമങ്ങളില്‍ എന്റെ കാല്‍പാദം സ്പര്‍ശിക്കും വരെ. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം ജീവിച്ചത് മാത്രമാണ് എന്റെ ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍. അവിടുത്തെ കുചേലന്‍ മാരുടെ ചേരികളും കുബേരന്‍മാരുടെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റ്കളും വില്ലകളുമാണ് എന്റെ അറിവിലെ ഞാന്‍ കണ്ട നോര്‍ത്ത് ഇന്ത്യ.

വേഗം കൊണ്ട് മറ്റുള്ളവനെ തിരിഞ്ഞ് നോക്കാന്‍ സമയമില്ലാത്ത മെട്രോപോളിറ്റന്‍ ഇന്ത്യ കണ്ട എനിക്ക് ഇന്ത്യയുടെഗ്രാമങ്ങള്‍ കാണാന്‍ വല്ലാത്തൊരു ഇഷ്ടമായിരുന്നു. ഇന്ത്യയുടെ കുഗ്രാമങ്ങള്‍ തേടിയുള്ള യാത്ര എന്നെ ബീഹാറിലേക്ക് എത്തിച്ചു. ഇന്ത്യയില്‍ തന്നെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. അതെ സചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ മിസ്റ്റര്‍ രജീന്ദര്‍ സച്ചാറും സംഘവും എടുത്ത് പറഞ്ഞ ബിഹാറിലെ തന്നെ ഏറ്റവും പിന്നാക്ക പ്രദേശമായ സീമാഞ്ചല്‍ ജില്ലകളില്‍ ഞാന്‍ എത്തി.

ബിഹാറിലേക്ക് സപ്തംബര്‍ 3 നാണ് ഭാഗ്‌ഡോഗ്ര എയര്‍പ്പോര്‍ട്ടില്‍ വിമാനം ഇറങ്ങുന്നത്. ഈ എയര്‍പോര്‍ട്ട് ബിഹാറിലല്ല, ബംഗാളിലാണ് സിലിഗുരിക്കടുത്ത്.


സീമാഞ്ചല്‍ പ്രവിശ്യയില്‍ വിമാനത്താവളങ്ങളൊന്നും ഇല്ല. അത്‌കൊണ്ട് ബംഗാളിലെ ഈ എയര്‍പോര്‍ട്ടാണ് ഏക ആശ്രയം. പിന്നെ ഇവിടെ എത്തിപ്പെടണമെങ്കില്‍ പട്‌ന എയര്‍പോര്‍ട്ട് വഴി എല്ലാം വരണം. അവിടെ നിന്ന് വീണ്ടും ട്രെയിനിലോ ബസിലോ 8 ഓ 9 ഓ മണിക്കൂര്‍ ഇരിക്കേണ്ടി വരും.

ഇത് ഒരു ചെറിയ എയര്‍പോര്‍ട്ട് ആണ്. നമ്മുടെ നാട്ടിലെ തിരൂര്‍ റെയില്‍വേ സ്‌റേഷന്റെ വലിപ്പം പോലും അതിനില്ല. വിമാനമെല്ലാം ആര്‍ക്കും എവിടെ നിന്നും കാണാം. ഇന്ത്യന്‍ ആര്‍മിയുടെ ഒരു എയര്‍പോര്‍ട്ടാണെന്ന് കണ്ടപ്പോള്‍ മനസ്സിലായി. ചുറ്റും ഇന്ത്യന്‍ ആര്‍മിയുടെ നിരവധി യുദ്ധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ടാങ്കറുകള്‍ മറ്റ് ആര്‍മി ബേസുകള്‍. അതിന്റെ ഒരു ചെറിയ ഭാഗം കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റുകള്‍ക്ക് തുറന്ന് കൊടുത്തതാണ് ഈ എയര്‍പോര്‍ട്ട്.

അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ കൊണ്ടുപോകാന്‍ എയര്‍പോര്‍ട്ടിന്റെ പുറത്ത് എന്റെ ഭര്‍ത്താവ് ആബിദ്ക്കയും റിഹാബിന്റെ പ്രോഗ്രാം മാനേജര്‍ ഇന്‍സാഫ്ക്കയും കൂടെ ഇര്‍ഷാദ്ക്കയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇര്‍ഷാദ് കാന്റെ ഭാര്യ ബുസ്‌ന എന്റെ കൂടെ യാത്രയില്‍ ഉണ്ടായിരുന്നു. ഡല്‍ഹി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. പാവപ്പെട്ടവരുടെ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണം, അധഃസ്ഥിതര്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍ എന്നിവ ലക്ഷ്യമാക്കിയും ദരിദ്രരുടെ ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കുകയും സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെ ശാക്തീകരിക്കുകയുമാണ് റിഹാബിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യയിലെ ചുരുക്കം ചില വിശ്വസനീയമായ ഗ്രാസ് റൂട്ട് സര്‍ക്കാരിതര സംഘടനകളില്‍ ഒന്നാണ് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍. 2008ല്‍ സ്ഥാപിതമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും നിരക്ഷരതയില്‍ നിന്നും വിമുക്തരാക്കി. സമത്വവും കരുതലും സുസ്ഥിരവുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ ആഹോരാത്രം ഗ്രാമചേരി പ്രദേശങ്ങളില്‍ ആത്മാര്‍ഥമായി ചലിച്ച് പണിയെടുത്തു കൊണ്ടിരിക്കുന്നു...

എന്നെയും ബുസ്‌നയെയും കൊണ്ടുപോകാന്‍ റിഹാബിന്റെ മെഡിക്കല്‍ വാനുമായിട്ടാണ് അവര്‍ വന്നിട്ടുള്ളത്.


ബിഹാറില്‍ ഇവര്‍ താമസിക്കുന്നത് അരാരിയ ജില്ലയിലെ ജോകിഹട്ട് എന്ന സ്ഥലത്താണ്. കഴിഞ്ഞ തവണത്തെ ബിഹാര്‍ നിയമസഭ ഇലക്ഷനില്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎ വിജയിച്ച അതേ ജോക്കിഹട്ട് മണ്ഡലം. ബിഹാറില്‍ 5 സീറ്റുകളാണ് അവര്‍ക്കു ലഭിച്ചത്. ആ 5 സീറ്റും ലഭിച്ചത് ഇതേ സീമാഞ്ചല്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ തന്നെ. അമോര്‍, ബൈസി, കൊച്ചദമാന്‍ , ബഹദൂര്‍ഗഞ്ച്, ജോക്കിഹട്ട് എന്നീ സ്ഥലങ്ങളിലാണ് ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചത്. ഇതെല്ലാം തന്നെ സീമാഞ്ചലിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളും. അവര്‍ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിരവഹിക്കുകയാണങ്കില്‍ ഈ പ്രദേശവും മാറും. നമുക്ക് കണ്ടറിയാം.

എയര്‍പോര്‍ട്ടില്‍ നിന്ന് ജോകിഹട്ടിലേക്ക് 111 കിലോമീറ്റെര്‍ ദൂരമുണ്ട്. അങ്ങനെ ഭാഗ്‌ഡോഗ്രില്‍ നിന്നും ജോകിഹട്ടിലേക്ക് പുറപ്പെട്ടു. എവിടേക്ക് നോക്കിയാലും ചുറ്റും പച്ച പരവതാനി വിരിച്ച നെല്‍വയലുകള്‍, പച്ചപ്പിന്റെ ഭംഗി കാണണമെങ്കില്‍ അത് ബിഹാര്‍ തന്നെയാണ്.


കണ്ണെത്താ ദൂരത്തോളം ബിഹാറിലെ ഗ്രാമങ്ങളുടെ മനോഹാരിത കണ്ട് വരുന്ന വഴി കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വണ്ടി ഓഫായി.

എന്താ ആബിദ്ക്കാ, വണ്ടി എന്താ ഓഫായത്...? വണ്ടിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടൊ?.

എന്റെ ചോദ്യം കേട്ട ഇന്‍സാഫ്ക ചിരിച്ചു. വണ്ടി സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ പിന്നില്‍ നിന്ന് തള്ളണം, അങ്ങനെ തള്ളി തന്നെയാണ് ഇവര്‍ വിമാനത്താവളത്തില്‍ നിന്നും വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. ഇവര്‍ ഈ ആംബുലന്‍സും കൊണ്ട് ഞങ്ങളെ സ്വീകരിക്കാന്‍ വന്നതിന്റെ ഉദ്ദേശ്യം അപ്പോഴാണ് മനസ്സിലായത്. വണ്ടി ഒരു പാട് നാളായി സെല്‍ഫ് അടിച്ച്സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റണില്ല, അവര്‍ നില്‍ക്കുന്ന സ്ഥലത്ത് അത്ര നല്ല ടെക്‌നീഷ്യന്‍മാരും ഫോഴ്‌സ് കമ്പനിയുടെ സര്‍വീസും ഇല്ല. വാഹനം സിലിഗുരിയില്‍ നല്ല ടെക്‌നീഷ്യന്‍മാരെ കാണിക്കുക എന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ടായിരുന്നു. പ്രധാന ഉദ്ദേശ്യം അത് തന്നെയാണ്.

Full View

മാത്രമല്ല, റിഹാബിന്റെ ഈ മെഡിക്കല്‍ വാഹനം വളരെ അതികം പഴകിയിരിക്കുന്നു. അത് കൊണ്ട് ഇതിനില്ലാത്ത കേട് ഇല്ല. ആബിദ്കയാണ് വണ്ടി ഓടിക്കുന്നത്. കുറേ തള്ളി സ്റ്റാര്‍ട്ട് ആക്കാന്‍ നോക്കി സ്റ്റാര്‍ട്ട് ആവുന്നില്ല. അറിയുന്ന പണിയൊക്കെ നോക്കി, ഒരു രക്ഷയുമില്ല. അവസാനം ഒരു മെക്കാനിക്കിനെ വിളിച്ചു. രണ്ട് മണിക്കൂര്‍ എടുത്ത് അവന്‍ ശരിയാക്കി അങ്ങനെ വീണ്ടും യാത്ര പുറപ്പെട്ടു.

ഒരു 30 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ലൈറ്റ് പോവുകയും വണ്ടി വീണ്ടും ഓഫ് ആവുകയും ചെയ്തു. പിന്നെയും ഒരു മെക്കാനിക്കിനെ കൂട്ടിക്കാണ്ട് വന്നു, അവനും രണ്ടര മണിക്കൂര്‍ പണിയെടുത്തു. വീണ്ടും അവിടെ നിന്ന് യാത്ര. സത്യം പറഞ്ഞാല്‍ റിഹാബിന്റെ ഈ ആംബുലന്‍സിന് ഇല്ലാത്ത കേട് ഇല്ല. അതിന് കേട് വരാത്ത വല്ല ഭാഗവും ഉണ്ടോ എന്ന് നോക്കുന്നതാവും നല്ലത്. ആദ്യമാദ്യം ആംബുലന്‍സ് എന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നങ്കിലും ഇപ്പോള്‍ അവര്‍ അത് ഒരു മെഡിക്കല്‍ വാനായി മാത്രമാണ് ഉപയോഗിക്കുന്നത്.

റിഹാബ് ദത്തെടുത്ത ഓരോ ഗ്രാമത്തിലും 2 മാസം കൂടുമ്പോള്‍ ഒരു മെഡിക്കല്‍ ക്യാംപ് നടത്തും. ആ മെഡിക്കല്‍ ക്യാംപിനാവിശ്യമായ മെഡിസിനുകള്‍ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഈ വാഹനത്തിന്റെ ഉപയോഗം നടന്ന് കൊണ്ടിരിക്കുന്നത്. ഒരു ഡോക്ടറും കംപോണ്ടറും ഉണ്ടാകും വാഹനത്തില്‍. പുതിയ വണ്ടി വാങ്ങിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ 'അത്രമാത്രം സാമ്പത്തികത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ അല്ലല്ലോ നമ്മുടേത് എന്നായിരുന്നു ഇന്‍സാഫ്ക്കാന്റെ മറുപടി. പുതിയ ഒരു വണ്ടി വാങ്ങാനുള്ള സാമ്പത്തികം ഒന്നും ഇപ്പോഴില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടി. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരു എന്‍ജിഒ ആണ് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍. അതിന്റെ പ്രോഗ്രാം മേനേജറുടെ അടുത്ത് നിന്ന് ഞാന്‍ ഇങ്ങനെ ഒരു മറുപടി ഒട്ടും പ്രതീക്ഷിച്ചില്ല. അങ്ങനെ, വണ്ടിയുടെ തകരാറ് മൂലം വൈകുന്നേരം 3 മണിക്ക് എത്തേണ്ട ഞങ്ങള്‍ രാത്രി 9:00 മണിക്കാണ് എത്തിയത്. രാത്രി ഭക്ഷണം റഫീഖ് ഇക്കാന്റെ വകയായിരുന്നു. നല്ല ചിക്കന്‍ കറിയും ചോറും. പിറ്റേ ദിവസം മുതല്‍ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും അടുത്തറിയാനുള്ള യാത്രയായിരുന്നു.

(അവസാനിക്കുന്നില്ല)

Tags:    

Similar News