ബിഹാര്‍ ജനത ആരെ പിന്തുണയ്ക്കും?; വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യ ഫല സൂചനകള്‍ പത്തു മണിയോടെ
വോട്ടെണ്ണലിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തിയിരിക്കുന്നത്.
പട്‌ന: രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വിധാന്‍ സഭയുടെ നടുത്തളത്തിലേക്ക് ആരെയൊക്കെ ബിഹാര്‍ ജനത കൈപിടിച്ചു നടത്തുമെന്നാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫല സൂചനകള്‍ പുറത്തുവരും.
വോട്ടെണ്ണലിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തിയിരിക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ജെഡി -കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ കടുത്ത നിരാശയിലാണെങ്കിലും ബീഹാറില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന മഹാത്ഭുതം ആവര്‍ത്തിക്കുമെന്നാണ് ജെഡിയു വിശ്വസിക്കുന്നത്.
ബിഹാറിലെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈസ്റ്റ് ചമ്പരണിലെ നാല് ജില്ലകളിലായി മൂന്ന് കൗണ്ടിങ് സെന്ററുകളാണുള്ളത്. ഈസ്റ്റ് ചമ്പരണില്‍ 12 നിയമസഭാ സീറ്റുകളുണ്ട്. ഗയയില്‍ പത്തും സിവാനില്‍ എട്ടും ബെഗുസരയില്‍ ഏഴും മണ്ഡലങ്ങളുണ്ട്. മൂന്ന് സേനകളുടെ സുരക്ഷ ഇവിടെയുണ്ട്. സിഐഎസ്എഫ്, ബീഹാര്‍ മിലിട്ടറി പോലീസ്, ജില്ലാ ആംഡ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.
നാല് സഖ്യങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുരച്ചത്. ആറോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും ജനവിധി തേടി.
ബിജെപി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വിഐപി, ജെഡിയു എന്നിവരാണ് എന്‍ഡിഎയിലുള്ളത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരു കുടക്കീഴില്‍ അണിനിരന്നാണ് മഹാസഖ്യം രൂപീകരിച്ചിട്ടുള്ളത്. ജെഎപി, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ആസാദ് സമാജ് പാര്‍ട്ടി, ബിഎംപി, എന്നിവ അടങ്ങിയ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സും (പിഡിഎ) തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായ സാന്നിധ്യം തെളിയിച്ചിരുന്നു.
ആര്‍എല്‍എസ്പി, ബിഎസ്പി, ജന്‍വാദി പാര്‍ട്ടി, മജ്‌ലിസ് പാര്‍ട്ടി എന്നിവര്‍ അണിനിരന്ന ഗ്രാന്‍ഡ് ഡമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടും തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ഭാഗമായിരുന്നു.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് മാരത്തണ്‍ ചര്‍ച്ചകളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സഹാചര്യത്തില്‍ രണ്ട് ജനറല്‍ സെക്രട്ടറിമാരെ കോണ്‍ഗ്രസ് ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ട്രെന്‍ഡിംഗ് പത്ത് മണിയോടെ അറിയാനാവുമെന്നാണ് കരുതുന്നത്. എല്ലാ മണ്ഡലത്തിലെയും ഫല സൂചനകള്‍ ലഭ്യമാകുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ തന്നെ ബീഹാര്‍ ആര് ഭരിക്കുമെന്ന് സംബന്ധിച്ചുള്ള കൃത്യമായ ചിത്രം പുറത്തുവരും.