ബിഹാറില്‍ കനയ്യ കുമാറിന് സീറ്റ് നല്‍കിയില്ല; ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐഎസ്എഫ്, വെട്ടിലായി സിപിഐ
ആര്‍ജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് വിദ്യാര്‍ത്ഥി സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
പട്‌ന: വരുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. ആര്‍ജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് വിദ്യാര്‍ത്ഥി സംഘടന സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കനയ്യ കുമാര്‍ ഉള്‍പ്പടെയുളള യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് കടുത്ത തീരുമാനവുമായി എഐഎസ്എഫ് മുന്നോട്ട് വന്നത്. മഹാസഖ്യത്തില്‍ ആറ് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ആര്‍ജെഡിക്കു മുന്നില്‍ കീഴടങ്ങിയെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തുന്നു.
കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും എഐഎസ്എഫിന് കടുത്ത വിയോജിപ്പുണ്ട്. കനയ്യ കുമാറിന്റെ ജനസ്വാധീനം മുതലെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും തേജസ്വി യാദവിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാത്തത് എന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘടന പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐ നേതൃത്വം മുന്നോട്ട് വന്നിട്ടുണ്ട്.
നിയമസഭ തിരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് കനയ്യ കുമാര്‍ മാസങ്ങള്‍ക്കു മുമ്പെ പ്രപാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍ കനയ്യ കുമാര്‍ മത്സരിക്കേണ്ടതില്ലെന്ന് വാദിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കനയ്യ ഇത്തവണ മറ്റുളളവര്‍ക്ക് വഴിമാറി നല്‍കണം എന്നാണ് ഇവരുടെ ആവശ്യം.