ബീഫ് കടത്തിയെന്നാരോപിച്ച് ബിഹാറില്‍ എല്ലു ഫാക്ടറി ജീവനക്കാരനായ വികലാഗനെ തല്ലിക്കൊന്നു
പട്‌ന: ബീഫ് കടത്തിയെന്നാരോപിച്ച് ബിഹാറില്‍ എല്ലു ഫാക്ടറി ജീവനക്കാരനായ വികലാഗനെ തല്ലിക്കൊന്നു. ട്രക്ക് െ്രെഡവറായിരുന്ന 55കാരന്‍ സാഹിറുദ്ദീനെയാണ് 70ഓളം പേരടങ്ങുന്ന സംഘം തല്ലിക്കൊന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനു വേണ്ടി മൃഗങ്ങളുടെ എല്ലുകള്‍ പൊടിച്ച് വിതരണം ചെയ്യുന്ന ഫാക്ടറിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ഒരു കാലിന് ഭാഗികമായി വൈകല്യമുള്ളതിനാലാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന് അദ്ദേഹത്തിന് ഓടി രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് ആക്രമണത്തില്‍ രക്ഷപ്പെട്ട സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 28ന് ബലിപെരുന്നാള്‍ തലേന്ന് ബീഹാറിലെ സരണ്‍ ജില്ലയിലെ പൈഗംബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവമെങ്കിലും വീട് സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘമാണ് ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 'യുനീക്ക് ബോണ്‍ ഫെര്‍ട്ടിലൈസേഴ്‌സ്' എന്ന മൃഗങ്ങളുടെ എല്ല് പൊടിക്കുന്ന ഫാക്ടറിയിലാണ് സാഹിറുദ്ദീന്‍ ജോലി ചെയ്തിരുന്നത്. മരുന്ന് നിര്‍മാണത്തിനും മറ്റുമായി കന്നുകാലികളുടെ അസ്ഥികള്‍ എടുത്ത് ജെലാറ്റിന്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ പൊടി നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ഫാര്‍മസ്യൂട്ടിക്കല്‍, കോസ്‌മെറ്റിക്, ഹെല്‍ത്ത് സപ്ലിമെന്റ് വ്യവസായത്തിനാണ് ഇത്തരം പൊടികള്‍ ഉപയോഗിക്കുന്നത്. സംഭവത്തിന്റെ പിറ്റേന്ന് ജലാല്‍പുര പോലിസ് പ്രകാശ് സിങ്, സുനില്‍ സിങ്, കല്ലു, ത്രിഭുവന്‍ സിങ്, അനൂപ് സിങ്, പ്രമോദ് സിങ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 30 പേര്‍ക്കുമെതിരേ കേസെടുത്തിരുന്നു. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, മാരകായുധം ഉപയോഗിക്കല്‍, തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളായ സുനില്‍ സിങ് കൊല്ലപ്പെട്ട സാഹിറുദ്ദീന്റെ നാടായ പൈഗംബര്‍പൂര്‍ ഗ്രാമത്തിലെ മുഖ്യനാണ്. സംഭവത്തില്‍ ഏഴുപേരെ പിടികൂടിയെന്നും സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉത്തരവിന് അനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജലാല്‍പുര പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പിന്റു കുമാര്‍ പറഞ്ഞു.
അതിനിടെ, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ വസ്തുതാന്വേഷണ സംഘം മര്‍ഹൗറയിലെ സാഹിറുദ്ദീന്റെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മിച്ച ചെറിയ വീട്ടിലാണ് സഹിറുദ്ദീനും കുടുംബവും കഴിഞ്ഞിരുന്നത്. മക്കള്‍ കൂലിപ്പണി ചെയ്യുന്നവരാണ്. സാഹിറുദ്ദീന്‍ ജോലി ചെയ്തിരുന്ന ബോണ്‍ മില്ലുടമ ഷഫാഖത്തുമായി വസ്തുതാന്വേഷണസംഘം സംസാരിച്ചു. ഷഫാഖത്താണ് ഇരയുടെ കുടുംബത്തെ സഹായിക്കുന്നത്. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത സഹിറുദ്ദീന്റെ മക്കളുടെ ആശ്രയവും ഷഫാഖത്താണ്. തന്റെ മുത്തച്ഛന്‍ 1955 ലാണ് ഈ ബിസിനസ്സ് ആരംഭിച്ചതെന്നും ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ജോലി നല്‍കുന്നുണ്ടെന്നും ഷഫാഖത്ത് പറഞ്ഞു. ഇവിടുത്തെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആദ്യത്തെ വര്‍ഗീയ സംഭവമാണിത്. സഹിറുദ്ദീനെ പോലിസിന്റെ സാന്നിധ്യത്തിലാണ് മര്‍ദിച്ചതെന്ന് ഷഫാഖത്ത് പറഞ്ഞു.
ഷഫാഖത്തിന്റെ ഇളയ സഹോദരന്‍ സുഹൈലും ബോണ്‍ മില്ലിലാണ് ജോലി ചെയ്യുന്നത്. ജൂണ്‍ 28ന് മര്‍ഹൗറയിലേക്കുള്ള യാത്രയില്‍ സാഹിറുദ്ദീനോടൊപ്പം അഞ്ച് പേരുണ്ടായിരുന്നുവെന്ന് സുഹൈല്‍ പറഞ്ഞു. വൈകീട്ട് മൂന്നരയോടെ ട്രക്ക് ഡ്രൈവര്‍ സുഹൈലിനെ വിളിച്ച് വാഹനത്തിന് കേടുപാടുണ്ടെന്ന് പറഞ്ഞു. വിവരമറിഞ്ഞ് വീട്ടില്‍ നിന്ന് പൈഗംബര്‍പൂരിലേക്ക് പോയപ്പോള്‍ പ്രദേശവാസികള്‍ വളഞ്ഞതായി കണ്ടു. മാസത്തിന്റെ എല്ലുകളുടെ ഗന്ധമാണ് അവര്‍ ചോദിച്ചത്. ചിലര്‍ വാഹനത്തിനു മുകളില്‍ കയറി പരിശോധിച്ചു. തുടര്‍ന്ന് ഇവരുടെ ഫോണുകള്‍ തട്ടിയെടുത്തു. നാളെ നിങ്ങളുടെ പെരുന്നാളല്ലേ. അതിനാല്‍ നിങ്ങള്‍ വളരെ സന്തോഷത്തിലാണല്ലോ. നിങ്ങളുടെ സ്ഥലം ഞങ്ങള്‍ കാണിച്ചുതരാമെന്ന് അക്രമികളിലൊരാള്‍ പറഞ്ഞതായും സുഹൈല്‍ പറഞ്ഞു. എന്നാല്‍, വാഹനത്തില്‍ എല്ലുകള്‍ മാത്രമായിരുന്നു കയറ്റിയതെന്നും മാംസം ഇല്ലെന്നും സുഹൈല്‍ ആവര്‍ത്തിച്ചുപറഞ്ഞു. 70 പേരടങ്ങുന്ന സംഘം ഞങ്ങളെ കല്ലുകൊണ്ട് ആക്രമിച്ചു. സ്‌കോര്‍പ്പിയോയുടെ ചില്ല് തകര്‍ത്തു. ഭയപ്പെട്ട് സൊഹൈലും കൂട്ടാളിയും കാറില്‍ കയറി ഓടിച്ചുപോയി. മറ്റ് അഞ്ച് ജീവനക്കാരും പ്രാണരക്ഷാര്‍ത്ഥം ഓടി. ചെറുപ്പത്തിലേ ഭാഗികമായി അംഗവൈകല്യമുള്ള സാഹിറുദ്ദീന് ഓടാന്‍ കഴിഞ്ഞില്ല. സാഹിറുദ്ദീന് ഇഷ്ടികകൊണ്ടുള്ള അടി താങ്ങാന്‍ കഴിഞ്ഞില്ലെന്നും സൊഹൈല്‍ പറഞ്ഞു. മൃഗങ്ങളുടെ എല്ല് പൊടിച്ച് വ്യവസായത്തിനു വേണ്ടി ഉപയോഗിക്കുന്ന വ്യാപാരത്തിന് നേരത്തേ അഞ്ചു ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ജിഎസ്ടി നിലവില്‍ വന്ന ശേഷം വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മോദിസര്‍ക്കാര്‍ നികുതി ഒഴിവാക്കുകയായിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിനു കീഴിലുള്ള ലൈസന്‍സോടെ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് എല്ല് ഫാക്ടറിയുടെ പ്രവര്‍ത്തനം. സംരംഭത്തിനുള്ള പിഎംഇജിപി പദ്ധതിയില്‍ നിന്ന് ലോണ്‍ വരെ ലഭിച്ചിരുന്നതായും ഉടമ ഷഫാഖത്ത് പറഞ്ഞു. അറവുശാലകളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ കാണപ്പെടുന്ന ചത്ത മൃഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന കന്നുകാലി അസ്ഥികളാണ് കമ്പനിയിലേക്കുള്ള പ്രധാന അസംസ്‌കൃത വസ്തു. ഈ അസ്ഥികള്‍ പൊടിച്ച് ജെലാറ്റിന്‍ ഫാക്ടറികള്‍ക്ക് വിതരണം ചെയ്യും. ഇവ പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലുടനീളം വിതരണ ശൃംഖലയുള്ള കമ്പനിയാണിത്. സ്‌റ്റെര്‍ലിങ് ബയോടെക്, ഇന്ത്യ ജെലാറ്റിന്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കും വിതരണം ചെയ്യുന്നുണ്ട്. പൈഗംബര്‍പൂര്‍ പഞ്ചായത്തില്‍ 2019 ജൂലൈയില്‍ കന്നുകാലി മോഷണം ആരോപിച്ച് ബിദെസ് നാട്, രാജു നാട്, നൗഷാദ് ഖുറേഷി എന്നിവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. എന്നാല്‍ അന്ന് പോലിസ് ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ സാഹിറുദ്ദീന്‍ മരണപ്പെടില്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.