ബില്‍ക്കിസ് ബാനു കൂട്ട ബലാല്‍സംഗക്കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹരജി സുപ്രിംകോടതിയില്‍
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയും, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും മറ്റ് ഒരു ഹരജിക്കാരനും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്
ന്യൂഡല്‍ഹി:ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതിയില്‍.സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയും, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും മറ്റ് ഒരു ഹരജിക്കാരനും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി.
2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്ത പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ റിമിഷന്‍ പോളിസി പ്രകാരം മോചിപ്പിക്കുകയായിരുന്നു.
2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു.ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേഷാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നീ പ്രതികളെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്.
ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു.ഈ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.